പ്രണയാസ്തമയം 
 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .

ഉമേഷ്‌ പിലിക്കൊട്  – (August 11, 2010 at 6:12 AM)  

ചിരിക്കാന്‍ പറഞ്ഞു തന്നിട്ട്
നീ പകരമെടുത്തത് നമ്മുടെ
കണ്ണു നീരാണല്ലോ
ഓര്‍മ്മകളിലുണ്ടാകും
മിഴിനീരസ്തമിക്കുന്നത് വരെ ......

ഷബീര്‍ പട്ടാമ്പി  – (August 11, 2010 at 7:13 AM)  

ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


ആ പ്രിയ കുട്ടുകാരന്റെ ഓര്‍മയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ...

സോണ ജി  – (August 11, 2010 at 11:39 PM)  

പ്രിയ മിത്രമേ ,
പ്രണയ നൈരാശ്യത്തിന്റെ ഗീതം താങ്കള്‍ കോറി വെച്ചത് ഇവിടെ ഉമേഷ് ഞങ്ങള്‍ക്കായി നല്‍കിയത് താങ്കളുടെ ആത്മാവ് കാണുന്നുണ്ടാവും എന്നിരിക്കേ, ഒന്നു പറയാതെ വയ്യ എന്റെ സഹോദരാ....തെറ്റും ശരിയും ആപേക്ഷികം മാത്രം.ആ തെറ്റ് കവിദേഹം തിരിച്ചറിയുന്നുണ്ട്. അത് ഭാവനയിലൂടെ അദ്ദേഹം മനുജ ഹൃദയങ്ങളിലേക്ക് അതി സമര്‍ത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു...തെറ്റ് കൂടുതലും പുരുഷഹൃദയത്തിലാണ്...കവേ സംഭവിക്കുന്നത്...നാം ശരിയെന്നു കാണുന്നത് അവര്‍ക്ക് തമാശയാണ്..ചങ്ക് പറിച്ചു കാണിച്ചാല്‍ ചെമ്പരത്തിപൂ എന്നു പറഞ്ഞു കളയുന്ന പഴഞ്ചന്‍ രീതി ഇന്നും നിലനില്‍ക്കുന്നു.ഒടുവില്‍ കണ്ണീരുമായി ജീവിത ദു:ഖം പേറി ജീവിത കാലം മുഴുവന്‍ ജീവിക്കാന്‍ നാം വിധിക്കപ്പെടുന്നു.അവളോ സുഖലോലുപയായി തിമിര്‍ത്തു ജീവിക്കും. അപ്പോഴും പ്രണയം ചോര കൊണ്ട് വരഞ്ഞ പാട് അവശേഷിക്കും കൂട്ടുകാരാ...താങ്കള്‍ കാണുന്നുണ്ടോ എന്റെ കറുത്ത കോറിയ വാക്കുകള്‍...
ഞാന്‍ ഏറെ ആരാധിക്കുന്ന ശ്രീ ഖലീല്‍ ജിബ്രാന്റ വരി അവള്‍ക്കുവേണ്ടി (ഓരോ പെണ്ണിനും ) ഇവിടെ പകര്‍ത്തുന്നു.
ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ
ചുവപ്പ് നീ തിരിച്ചറിയും.
അന്നെന്റെ രക്തം കൊണ്ട്
മേഘങ്ങള്‍ ചുവക്കും .
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായി അത് പെയ്തു വീഴും .
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും .
അപ്പോള്‍ ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും..... :(

പ്രവാസം..ഷാജി രഘുവരന്‍  – (August 15, 2010 at 12:44 AM)  

പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ .....
മനോഹരമായിരിക്കുന്നു ഈ രചന

ഉമേഷ്‌ പിലിക്കൊട്  – (August 28, 2010 at 9:12 PM)  

കവിത വായിച്ച എല്ലാവര്ക്കും നന്ദി

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP