ഒരു എക്സ്റേ മെഷിന്റെ ആത്മഗതം.

ഇതിപ്പോ കഷ്ടായല്ലോ.. ദേ , റൂമിന്‌ പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സികൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍ കാണുന്നില്ലേ. അല്ലെങ്കില്‍ തന്നെ അവര്‌ തമ്മില്‍ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന് ഹോസ്പിറ്റലിലെ സ്റ്റാഫിനിടയില്‍ ഒരു സംസാരോണ്ട്. ലൈനാണ്‌ പോലും!! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോള്‍ ഞാന്‍ മൂലമല്ലേ അവര്‍ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ തോന്നിയത്.


ദോഷം പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്‍. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!! ഹാന്നേ, ആ കുഞ്ഞ് മോള്‌ കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച് കരയാര്‍ന്നു ആ പാവം.


അല്ലെങ്കിലും ഈ ജെസ്സിക്കൊച്ചിന്‌ പിള്ളേരുടെ എക്സ്റേ എടുക്കാന്‍ ഒന്നും അത്ര വശോല്ല.അതൊക്കെ മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന്‍ ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ.. പോകാന്‍ പറ. ഹല്ല പിന്ന..


ദേ, സേതുകൊച്ചിന്‌ ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപെഴ പറ്റിപ്പോയി. അല്ലെങ്കില്‍ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചന്‍ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം നാളായില്ലേ. ഇന്നേ വരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി മിശിഹാതമ്പുരാനേ..


ഇന്നലെ വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്‌. അത് പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാല്‍ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്‌. കൈയില്‍ എക്സ്റേ എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം കണ്ടപ്പളേ എനിക്ക് തോന്നീര്‍ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാന്‍ പറ്റില്ലാല്ലോ.. അല്ലെങ്കില്‍ പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം അവരുടെ കൈയീന്ന് പേപ്പര്‍ വാങ്ങിയ ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത് ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ് വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്‍!! ഹോ ഇങ്ങിനെയും പിള്ളാര്‌ കരയോ എന്റെ മാതാവേ.. ഏങ്ങലിടിച്ച് ഏങ്ങലടിച്ച് അതിന്‌ ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച് അതിനെ കസേരയില്‍ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞിട്ട് വന്ന് എന്റെ മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ.. !!! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം!! പക്ഷേങ്കില്‌, ദേ ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട് അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍ പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാന്‍ ഒരു കൂട് മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍ നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന് നിന്ന അതിനെ ഞാന്‍ അങ്ങാട്ട് രണ്ടും കല്‍‌പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ സേതുകൊച്ചിന്‌ ഇത്രേം വല്യ പണിയാവോന്ന് കരുതീര്‍ന്നില്ല..


ഹാന്നേ, ഞാന്‍ കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍‌കൂട്ടിനകത്ത് പ്രാവ് കുറുകണ പോലെ!! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന് ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും അവര്‌ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതല്‍ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക് വന്നാ അതിനും എനിക്കാവും ചീത്തപേര്‌!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ്‌ ഇന്നലെ അവസാനമായിട്ട് എടുത്തത്. ഇന്ന്‍ രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോ തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്‍ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്. പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ, ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ്‌ കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍‌കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ കര്‍ത്താവേ..


ഇന്നലെ രാത്രീല്‌ ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ കാണാര്‍ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്ലാട്യാ! ഇതിപ്പ ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം ചെയ്തെന്ന്!! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട് പൊറുത്തോളണേ!! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാന്‍. പാവം അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്‌. പക്ഷെ ആ കുഞ്ഞിനതില്‍ പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!


അമ്മച്ചി


അമ്മച്ചീന്റെ പേര്‌ ആന്‍. ആന്‍‌ജോസെന്നാ മുഴോന്‍ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത് നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ കിട്ടിയാ ഞാന്‍ ശാര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ!! അത് അമ്മച്ചീടെ മടീലിരുന്നിട്ട് കൊറേ നാളായെന്ന്!!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്‌. അതെങ്ങിനാ, വെളുപ്പിന്‌ നാലുമണിക്ക് ഒക്കെ കൊച്ചിന്‌ കുളിരൂല്ലേ.അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട് പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കില്‍ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്‌.


ഡാഡി


ഡാഡിക്ക് കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍ ഇന്നേ വരേ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന് വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന്‍ പറയണ്‌ അപ്പാന്നൊള്ള വിളി പള്ളീക്കാര്‌ കൂട്ടരുടേണെന്ന് . അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്‌. അങ്ങനേക്കെ ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം!! അപ്പോള് പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര്‌ സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട് കൊച്ച് ഫോണ്‍ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട് വെഷമിക്കും. അപ്പോ കൊച്ചിന്‌ വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി.പക്ഷെ, ഡാഡി വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്‍പിലാ. ലാപ്‌ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ!! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള്‍ ഒരു പുത്യേ ലാപ്‌ടോപ്പുമായി വന്നിട്ട് ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നര ലക്ഷം ഉറുപ്പികയാ ഇതിനെന്ന്.. അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്!! ഒരാഴ്ചയായീത്രേ കൊച്ച് ആപ്പിള്‍ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത് പോലും അവര്‌ ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന്‌ പകരം ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിള്‍ വാങ്ങി ആ കൊച്ചിന്‌ കൊടുക്കാന്‍ പറയാര്‍ന്ന്.. ജെസ്സികൊച്ച് ഒരു മൂശേട്ടേണേ .. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.


ഉസ്കൂള്‍


കൊച്ച് പോണ ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാന്‍. അവിടെ മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന്‌ ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം കൊച്ചിന്റെ മനസ്സ് കരയാണ്‌!! ഉസ്കൂളില്‍ മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍ അമ്മമ്മാര്‌ വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട് കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള്‌ തത്തമിസ്സ് കൊച്ചിന്‌ റേഡിയോ വെച്ച് കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാന്‍ ആ മിസ്സിന്‌ തോന്നണുണ്ടല്ലാ. ആ മിസ്സിന്‌ സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ..


ദേ ഇന്നാളൊരു ദിവസം കൊച്ചിന്‌ വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത് ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന്‌ വല്യാണ്ട് സങ്കടായീ. അന്നേരാ തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന്‌ മിസ്സിന്റെ ഫോണില്‌ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര ഉപദേശാര്‍ന്നൂന്ന്!! മക്കളെ നമ്മള്‍ നന്നായി കെയര്‍ ചെയ്യണോന്നാ, അവര്‍ക്ക് വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.


അയ്യോ, ദേ നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന്‌ ചത്താ മതീന്ന് തോന്നോന്ന്. പിന്നെ സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം!! ന്യായണേ. ദേ, ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ!! എനിക്കും ഇഷ്ടോണൂട്ടാ ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാന്‍. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ! ജെസ്സിക്കൊച്ചിന്റേം സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച് കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായല്ലോ മാതാവേ!! എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക് ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..

Read more...

പ്രിയമേറിയതെങ്ങിനെ....

നിറമിഴിയിൽ കുതിർന്നൊരെൻ
സ്വപ്നത്തിൻ പീലികൾ പെറുക്കി
മുറിവേറ്റു പിടയുമീ ചിറകുകൾ ഒതുക്കി
ജീവതാളം നീ നല്കിയതെങ്ങിനെ

മധുകണമില്ലാത്ത പൂവായ് തീരവേ
മഞ്ഞുതുള്ളി പോലും തേനാക്കിയതെങ്ങിനെ
മധുപനണയാത്ത കാട്ടുപൂവിന്നരികിൽ
മണമേതുമില്ലാതെ നീയണഞ്ഞതെങ്ങിനെ

പുഞ്ചിരി പോലും മറന്നൊരാ ചുണ്ടുകളിൽ
മുരളികയൂതുവാൻ നല്കിയതെങ്ങിനെ
ഹോമാഗ്നിയായ് പുകഞ്ഞൊരു മനസ്സിൽ
കുളിർമഴയായ് പെയ്തിറങ്ങിയതെങ്ങിനെ

ഒഴുകാനിനിയും ബാക്കി നില്കുമീ കണ്ണീർതുള്ളികൾ
കൈകുടന്നയിലൊതുക്കി മുത്തായ് മാറ്റിയതെങ്ങിനെ
അകലെ തിളങ്ങുമീ മിഴിനീർ മുത്തുകൾ
നിൻ വിരൽ തുമ്പിനാൽ തുടച്ചതെങ്ങിനെ

കൊഴിഞ്ഞു പോയൊരാ സ്വപ്നത്തിൻ
മയിൽ പീലിതുണ്ടുകൾ പെറുക്കിയെടുത്തതെങ്ങിനെ
കാണാമറയിത്തിരുന്നിട്ടുമൊന്നു കാണാതെ തന്നെ
ഇത്രമേൽ പ്രിയമേറിയതായ് തീർന്നതെങ്ങിനെ...

Read more...

പിടസ്വാതന്ത്ര്യം


പിടസ്വാതന്ത്ര്യം



ഇ.എ.സജിം തട്ടത്തുമല



നല്ല ചെമ്പൂവും ആടകളും
വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം


കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി


പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി


ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും


മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !


വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല


ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല


ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം


റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ


തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !


ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !


നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും


കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
കൊക്കരക്കോയെന്നു കൂകി പിടക്കോഴി


നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
ദോഷകാലംവന്നു മാടി വിളിയ്ക്കുന്നു
കൊക്കരക്കോ! കൊക്കരക്കോ!’


എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചുപിടപ്പൂവനെ”……!



(ശേഷം ചിന്ത്യം!)

Read more...

കുലം കുത്തികള്‍ ...കഥ

കുലം കുത്തികള്‍ ...കഥ













ഇന്നല്ലേ വാസുവിന്‍റെ രക്ത സാക്ഷി ദിനം
"ഞാനതങ്ങു മറന്നു.."
രക്തസാക്ഷി മണ്ഡപത്തിലെ വാസുവിന്‍റെ നരച്ച ചിത്രത്തില്‍ ആരോ വെച്ച ചെമ്പരത്തി പൂവിനെ നോക്കി കുഞ്ഞിരാമേട്ടന്‍ പറഞ്ഞു..

"അതെ ഇന്ന് തന്നെയാ.."അല്ലെങ്കിലും ആര്‍ക്കാ അതൊക്കെ ഇപ്പൊ ഓര്മ..
പണ്ടൊക്കെ ഇന്നത്തെ ദിവസം അനുസ്മരണവും പാര്‍ട്ടി പരിപാടികളൊക്കെ
നടത്തിയിരുന്നതാണല്ലോ ..എല്ലാം നിന്നു...കൃഷ്ണേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു...

"അതിനിപ്പോള്‍ ഇവിടെ പാര്‍ട്ടി ഉണ്ടായിട്ടുവേണ്ടേ..."

കേട്ടുനിന്ന ഒരു ചെറുപ്പക്കാരന്റെ മറുപടികേട്ട് കുഞ്ഞിരാമേട്ട
ട്ടന്‍ പൊട്ടിത്തെറിച്ചു..
"ഉണ്ടാവില്ലെടാ..നീയോക്കെയല്ലേ നാട് നന്നാക്കാനും പാര്‍ട്ടി വളര്‍ത്താനും നടക്കണേ.

"നീയിവരോടോന്നും പറയാന്‍ നില്ലക്കണ്ടാ ...പിഴച്ചു
പോയവര്‍..."
അവരോടൊന്നും വാദിച്ചു ജയിക്കാന്‍ നമുക്കാവില്ല...
ഒരു തലമുറയുടെ ചിന്തകള്‍ തമ്മിലുള്ള അന്തരം നിനക്കിനിയും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.
നീയിപ്പൊഴും ആ‍ പഴഞ്ചന്‍ വാദങ്ങളുമായി നടക്കുന്നു...
കാലം മാറിയപ്പോഴും കാലത്തിനൊപ്പം നടക്കാനാവാതെ നിന്നു കിതക്കുകയാണ് നീ.
കൃഷ്ണേട്ടന്‍ കുഞ്ഞിരാമേട്ട്ടന്‍റെ കൈയും പിടിച്ചു നടന്നു...


ചെറുപ്പക്കാരന്റെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി ...'കടല്‍ കിളവന്മാര്‍..."
ഇപ്പോഴും പഴയ കട്ടന്‍ ചായയും ദിനേശ് ബീഡിയുടെയും ഓര്‍മയിലാണ്‌....
പണ്ടെങ്ങാണ്ടോ ജയിലില്‍ കിടന്നിട്ടുണ്ട് ...
പട്ടിണി കിടന്നിട്ടുണ്ട് എന്നും പറഞ്ഞു എന്നും ഇവരെയൊക്കെ സഹിക്കണം എന്ന് പറഞ്ഞാല്‍ ..

"നിനക്കറിയോ കൃഷ്ണാ അന്ന് ഞാനാണ് വാസുവിനെ വിളിച്ചു കൊണ്ട് പോയത്...
അവരുടെ ലക്ഷ്യം ഞാന്‍ ആയിരുന്നു..."
കുഞ്ഞിരാമേട്ടന്‍ നിന്നു കിതച്ചു...
"അവന്‍ അന്ന് വരുന്നില്ല എന്ന് പറഞ്ഞതാണ് .. ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ട് പോയി"
പാടത്ത്‌ സമരം ഒത്തു തീര്‍ന്നപ്പോള്‍ എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി...
എന്നാല്‍ നമ്മളില്‍ തന്നെ ഒറ്റുകാരുണ്ടായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തില്ല ..
"ഇപ്പോള്‍ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..എല്ലാം മാറിയില്ലേ .."ഇന്ന് ആര്‍ക്കു വേണം കൃഷി..
"അതെ ആര്‍ക്കും വേണ്ടാ "
കണ്ടില്ലേ ..കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ...
ഈ സ്ഥലം നികത്തുന്നതിനെതിരെ സമരം ചൈയ്തതും നമ്മളൊക്കെയല്ലേ..എന്നിട്ട് എന്തായി..
ഉദ്ഘാടനം നടത്തിയതും നമ്മള്‍ തന്നെയല്ലേ ...
അന്ന് നമ്മള്‍ പറഞ്ഞതെല്ലാം ഇപ്പോഴും ഇവിടെയോക്കെത്തെന്നെയുണ്ടല്ലോ ..
പരിത സ്ഥിതി പ്രശനവും.. വെള്ളം ഒഴിഞ്ഞു പോകാതെ മറ്റുള്ളവരുടെ കൃഷി നശിക്കലുമൊക്കെ..
കണ്ടോ ഈ നികത്തിയ സ്ഥലത്തായിരുന്നു നമ്മള്‍ അന്ന് സമരം ചെയ്യ്തത്...
എന്തിനായിരുന്നെന്ന് ഓര്‍മ്മയുണ്ടോ നിനക്ക്..
പകലന്തിയോളം കൊയ്തും മെതിച്ചും നെല്ലളക്കുംപോള്‍ പണിയെടുത്തവന് എട്ടിനൊന്നും പത്തിനൊന്നു
മൊക്കെ കൂലി കൊടുക്കുന്ന ജന്മിമാര്‍ക്ക്
എതിരെ ...അഞ്ചില്‍ ഒന്ന് പതന്മ്പു വാങ്ങിയെടുക്കാന്‍ ..
ഇപ്പോള്‍ നിന്നു പ്രസംഗിക്കുന്ന ആ‍ ചെറുക്കനില്ലേ ..
അവന്‍റെ അച്ഛന്‍ കുമാരനാണ് ഞങ്ങളെ ഒറ്റി കൊടുത്തത് ...ഇപ്പോള്‍ അവനും മുതലാളിയല്ലേ ....

നിനക്ക് ഓര്‍മ്മയുണ്ടോ ..മിച്ച ഭൂമി സമരത്തില്‍ അന്ന് നമ്മള്‍ മേനോന്‍റെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയതും ..
പോലീസ് നമ്മളെ തല്ലി ചതച്ചതും..കുമാരന്‍ അന്ന് മേനോന്‍റെ വലം കൈ ആയിരുന്നു ...
കുഞ്ഞി രാമേട്ടന്‍ ഇടികൊണ്ട്‌ കേള്‍വിശക്തി നശിച്ച് ഇപ്പോഴും പഴുത്ത് ഒലിക്കുന്ന തന്‍റെ ചെവി തടവി ചോദിച്ചു ...
എങ്ങനെയാണ് കൃഷ്ണാ ഇവരെല്ലാം പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയത് ...പാര്‍ട്ടി ഇവരായി മാറിയത് .

കുഞ്ഞിരാമേട്ടന് അറിയോ ..ഇപ്പൊ അവിടെ ചിലച്ച ആ ചെക്കനില്ലേ .
അവനാണ് പുതിയ പാര്‍ട്ടിയുടെ നേതാവ് .കൂട്ടിനു കുറെ തല തിരിഞ്ഞ പിള്ളേരും .
നമ്മുടെ പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്ന് പറഞ്ഞ്‌ തിരുത്താന്‍ നടക്കുന്നവര്‍ ....
അവര് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെയ്യ്തത് എന്താണെന്നറിയോ ...
രക്ത സാക്ഷി മണ്ഡപത്തില് മാല ചാര്‍ത്തി ..മുദ്രാവാഖ്യവും വിളിച്ച്‌ പോളിംഗ് സ്റ്റേഷനില്‍ പോയി
മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടിയുടെ ചിന്ഹത്തില്‍ വോട്ട് ചെയ്യ്തു ...അങ്ങനെ കാലങ്ങളായി
നമ്മള്‍ ജയിച്ചു പോന്ന നമ്മുടെ വാര്‍ഡ്‌ എതിരാളികള്‍ക്ക് അടിയറ വെച്ചു..

അതില്‍ പുതുതായി ഒന്നുമില്ല കൃഷ്ണാ ...ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ എന്ന് മുണ്ടായിരുന്നു .....
കുലം കുത്തികള്‍ .................

കുഞ്ഞിരാമേട്ടന്‍ അതും പറഞ്ഞ്‌ വേച്ചു വേച്ചു നടന്നു ................

ഗോപി വെട്ടിക്കാട്ട്.

Read more...

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്.
ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു
കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ
പ്രതീകം തന്നെ ഒബാമയും!

ഇ.എ.സജിം തട്ടത്തുമല

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

Read more...

കോള

ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം


കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP