ഓർമ്മയിലെ വളപ്പൊട്ടുകൾ...

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്

നാഗക്കളങ്ങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു ഞാൻ
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP