ഇവരെ കാണുന്നുവോ...

മഞ്ഞുപെയ്യുമീ രാവിൽ
നക്ഷത്രങ്ങൾ കാവൽ നില്ക്കവേ
കരുണതൻ കനിവുമായ്
ഭൂജാതനായ രക്ഷകാ

കനിവിന്റെ ലോകത്തിനായ്
കാത്തിരിക്കുമീ പൈതങ്ങൾക്കായ്
മുഴങ്ങുന്നൊരു മരണഗീതം
നിന്നെയും മുറിവേല്പ്പിക്കുന്നുവോ

നക്ഷത്ര ഭംഗി കാണുവാനാകാതെ
സ്നേഹഗീതികൾ കേൾക്കുവാനാകാതെ
നോവിന്റെ തീയിൽ പിടയുമ്പോൾ
ഇവർക്കായ് നീ ഉയിർതെഴുന്നേല്ക്കുമോ

അറിവിന്റെ അക്ഷരം കുറിക്കുവാനാകാതെ
ഉയരുന്ന വാക്കുകൾ ഉരിയാടാനാകാതെ
നീറുമീ കുഞ്ഞു മനസ്സിലേക്കൊരു
ഉണർവ്വിന്റെ നാളങ്ങൾ കോളുത്തീടുമോ...

ഒരു കാഴ്ച്ച (കവിത)





നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

ചുഴി



കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.

ഓർമ്മയിലെ വളപ്പൊട്ടുകൾ...

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്

നാഗക്കളങ്ങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു ഞാൻ
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു

രണ്ടെണ്ണം

ഒറ്റപ്പെടല്‍ 













അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!


ഇര പിടുത്തം 
 














എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...




പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

ധ്രുവങ്ങള്‍

പ്രണയിനീ,
നിന്‍റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി

നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം

തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്

തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !

എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല

കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ്

  © Blogger template Shush by Ourblogtemplates.com 2009

Back to TOP