മരവിക്കാത്ത മനസ്സുമായ്.
കണ്ണൊന്നു തുറക്കാതെ തന്നെ അവൾ അരികിലെത്തിയത് അറിഞ്ഞു. നനുത്ത കാലടി ശബ്ദത്തിനൊപ്പം കിലുങ്ങാൻ മടിക്കുന്ന പാദസരത്തിന്റെ സ്വരം എവിടെ നിന്നും തിരിച്ചറിയാം. നാളുകളായി എന്നെ വിളിച്ചുണർത്തുന്ന ആ കിലുക്കം തിരിച്ചറിയാനായില്ലെങ്കിൽ പിന്നെ എന്റെ കാതുകൾക്ക് എന്താണു തിരിച്ചറിയാനാകുക. എത്രയോ നാൾ മനസ്സിൽ വെച്ചാരാധിച്ചാണു ഒന്നു സ്വന്തമാക്കിയത്. എന്നിട്ടും എവിടെ പിഴച്ചു? ഇന്നിപ്പോൾ അവളുടെ ഒരു സ്പർശനം പോലും അന്യാമാകുമ്പോൾ എന്റെ ജീവിതം വൃഥാവിലായിരുന്നു എന്നറിയുന്നു.
എല്ലാ അനുഗ്രഹത്തോടെയും ആശിച്ച പോലെ സ്വന്തമാക്കിയപ്പോൾ എല്ലാം നേടിയെടുത്ത അഹങ്കാരമായിരുന്നു. പക്ഷേ നാളുകൾക്കിടയിൽ എന്നിലെ വികാരത്തിനൊപ്പം സഞ്ചരിക്കാൻ ആകില്ലെന്ന സത്യം മനസ്സിനെ നിരാശപ്പെടുത്തി. മനസ്സുകോണ്ട് ഏറെ സ്നേഹിച്ചിട്ടും ശരീരങ്ങൾ പരസ്പര പൂരകങ്ങൾ ആകാതെ അകന്നു പോകയായിരുന്നു. പിന്നീട് എന്റെ സഞ്ചാര വഴികൾ ഏതൊക്കെയെന്ന് എനിക്കു തന്നെ നിശ്ചയിക്കാനാകുമായിരുന്നില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക് എന്ന പ്രയാണം എവിടെയൊക്കെ എന്തിലൊക്കെ കൊണ്ടെത്തിച്ചു എന്നും നിശ്ചയമില്ലാതാക്കി.
തെറ്റെന്നറിഞ്ഞു തന്നെ മദ്യത്തിലും മദിരാക്ഷിയിലും അഭയം കണ്ടെത്തി എന്റെ സൗഖ്യം തേടി. ഒന്നിലും പൂർണ്ണ തൃപ്തി നേടാനാകാതെ അലയുമ്പോൾ കണ്ടെത്തിയ സൗഭാഗ്യമായിരുന്നു ആ മാലാഖ. സ്നേഹത്തോടെയും സമർപ്പണത്തോടെയും അലിവോടെയും എന്നിലേക്ക് പെയ്തിറങ്ങിയ പുതുമഴ. എന്റെ എല്ലാമെല്ലാമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ അവിടമാണെന്റെ അഭയമെന്നു കണ്ടെത്തിയപ്പോൾ നിഷ്കരുണം എന്നെ തട്ടിയെറിഞ്ഞു. അതെന്റെ തകർച്ചയോ അതോ പുനർജന്മമോ?
മനസ്സിന്റെ സമനില തെറ്റി ഭ്രാന്തമായ അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെടുമെന്ന് ഉറപ്പായാപ്പോൾ അഭയമരുളിയ കൈകൾ തന്നെ ഉദകക്രിയ ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോൾ എന്റെ കൂടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചവൾ എനിക്ക് ആരായി തീരണം. ഒന്നും നല്കിയില്ലെങ്കിലും തള്ളിയെറിയരുതെന്ന അപേക്ഷ ചെവിക്കൊണ്ടപ്പോൾ ആ സ്നേഹം തിരിച്ചറിയാമായിരുന്നു. അതാണെന്റെ ജീവിതവും.
ജീവിതത്തിലേക്ക് കൂടെ കൂട്ടിയവൾ ഒരു പരിഭവവും ഇല്ലാതെ എല്ലാ ആവശ്യങ്ങൾ ചെയ്തു തരുമ്പോഴും മനസ്സിലേക്ക് ആവാഹിച്ച ഈ കാലോച്ചാക്കായ് ഞാൻ കാതോർക്കുന്നു... ഈ പാദസരം കിലുങ്ങുമ്പോൾ എന്റെ മനസ്സും നിറയുന്നു. ആരുമറിയാത്ത ആരാധന മനസ്സിൽ തന്നെ നിറയട്ടെ... മരിക്കാത്ത ഓർമകളോടെ മരവിക്കാത്ത മനസ്സുമായി ഞാനും ജീവിക്കട്ടെ.