തപിക്കുന്ന ജീവൻ
വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ
ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ
ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും
അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....