മമ്മതും റാഡോ വാച്ചും ...കഥ



പണ്ട് അതായത് ഇന്നത്തെപ്പോലെ മുക്കിന് മുക്കിന് ഗള്‍ഫുകാര്‍ ഇല്ലാതിരുന്ന കാലം ...അന്നത്തെ കാലത്ത് ഗള്‍ഫുകാര്‍ക്ക് ഒരു വിലയൊക്കെ ഉണ്ടായിരുന്നു ... പത്തിന്റെ നോട്ടുപോലും നാട്ടുകാര്‍ക്ക് കിട്ടാക്കനി ആയിരുന്ന കാലത്ത് ഗള്‍ഫുകാരുടെ തന്തമാര്‍ നൂറിന്റെ നോട്ട് സില്‍ക്ക് കുപ്പായത്തിന്റെ
കീശയില്‍ അടക്കി വെച്ച് അന്തസ്സോടെ നടന്നിരുന്ന കാലം ..
അന്നത്തെ ക്കാലത്ത് റയ്ബണ്‍ കണ്ണടയും വെച്ച് റാഡോ വാച്ചും കെട്ടിയായിരുന്നു കാരണവന്മാര്‍ അങ്ങാടിയില്‍ വരെ പോയിരുന്നത് .
അയലക്കത്തുള്ള വീടുകളിലെ സമപ്രായക്കാരൊക്കെ ഇങ്ങനെ നടക്കുന്നത് കാണുമ്പോള്‍ മമ്മത് തെല്ലൊരു അസൂയയോടു കൂടി നോക്കാറുണ്ട് ...
തന്റെ മോന്‍ രായിന്‍ കുട്ടി ദുബായില്‍ പോകണ തും മാസാമാസം പോസ്റ്റ്‌ മാന്‍ ഡ്രാഫ്റ്റ് കൊണ്ട് വരണ തും രണ്ടു കൊല്ലം കൂടുമ്പോള്‍ എടുത്താല്‍ പൊന്താത്ത പെട്ടികളുമായി വിമാനം ഇറങ്ങണതും സ്വപ്നം കാണാറുണ്ട്‌ ....എന്റെ മോനോന്നു പൊക്കോട്ടെ ....സ്വയം ആശ്വ സിക്കാരുണ്ട് ..

പത്താം തരം കഴിഞ്ഞപ്പോള്‍ മമ്മത് മോനോട് പറഞ്ഞു ..നീയിനി ഡ്രൈവിംഗ് പഠിച്ചോ ..ഗള്‍ഫില്‍ ഇപ്പൊ അതിനാ മാര്‍ക്കെറ്റ് ...
ഡ്രൈവിംഗ് പഠിച്ചാല്‍ അന്നേ കൊണ്ടാവാം ന്നു വല്യ തങ്ങള്ടെ മോന്‍ കരീം ഇന്നലേം കൂടി പറഞ്ഞു ...
നിക്ക് കോളേജില്‍ പോണം ....ഇനീം പഠിക്കണം ....
ഇബിലീസേ ഇന്നത്തെ കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യല്യ ....വല്ലോരോടെം അടീം കാലും പിടിച്ച് ഒരു വിസ ഒപ്പിച്ചെടുക്കാന്‍ പാട് പെടുമ്പോ ..
അവന്റെ ഒരു കോളേജ് ...മിണ്ടി പോകരുത് ...
തന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ കരി നിഴല്‍ വീഴ്ത്താനുള്ള മകന്‍റെ ആശ കണ്ടു മമ്മത് പൊട്ടി ത്തെറിച്ചു....

മനസ്സില്ലാ മനസ്സോടെയാണ് രായിന്‍ കുട്ടി ഡ്രൈവിംഗ് പഠിച്ചത് ...ലൈസന്സ് കിട്ടിയപ്പോ തന്നെ വീട് പണയം വെച്ച് മമ്മത് വിസക്കുള്ള പണം കൊടുത്തു ... മൂന്നു നാല് കൊല്ലം കഴിഞ്ഞപ്പോ പറഞ്ഞ വാക്കനുസരിച്ച് തങ്ങടെ മോന്‍ കരീം അവനു
വിസയുംയച്ചു ...അങ്ങനെ രായിന്‍ കുട്ടി ദുബായിലേക്ക് പറന്നു .......ദുബായില് ഒരു അറബിടെ ഡ്രൈവറായി ...

ഓരോ മാസവും പോസ്റ്റ്‌ മാന്‍ കൊണ്ട് വരുന്ന കവര് തുറക്കുമ്പോള്‍ മമ്മത് മോനെ പ്രാകാന്‍ തുടങ്ങി .
കള്ള ഹിമാര് കിട്ടണ തൊക്കെ എന്താണാവോ ചൈയ്യനത് ....ഓന്റെ ഒരു രണ്ടായിരം ഉറുപ്പിക ...
അങ്ങ്ലെലെ അസ്സനാരുടെ മോന്‍ പോയിട്ട മാസം രണ്ടു ആയതേയുള്ളൂ ....
വാര്‍പ്പിന്റെ പുരക്കുള്ള പണി തുടങ്ങി .....

ഇക്കണക്കിന്‌ ഇരിക്കണ പുര പോകുംന്നാ തോന്നണേ ....ങ്ങള് ഓന് നല്ലോണം ഒരു കത്തെഴുത്...
കായി ഇങ്ങനെ അയച്ചാല്‍ ശരിയാകില്ല ...എളെതുങ്ങള് രണ്ടെണ്ണം കെട്ടിച്ചു വിടാനായി..ഒനെന്തു കളിയാ ഇ ക്കളിക്കണത്‌...
കെട്ട്യോളുടെ വാക്ക് ശരിയാണെന്ന് മമ്മതിനും തോന്നി ...

കത്തെഴുതി മടക്കാന്‍ നേരത്ത് മമ്മത് മോളോട് പറഞ്ഞു ...
നീയ് വരുമ്പോ വാപ്പാക്ക് ഒരു റാടോ വാച്ച് ..നല്ല തങ്കത്തിന്റെകളര് ഉള്ളത് കൊണ്ട് വരണം ....മറക്കണ്ടാ
എന്ന് കൂടി എഴുതീക്കോ
രായിന്‍ കുട്ടീടെ മറുപടി കത്ത് വന്നു ....
എത്രെയും പ്രിയം നിറഞ്ഞ വാപ്പാക്ക് അസാലാമു അലൈക്കും ..
വാപ്പ ..എനിക്ക് ഇവിടെ പണിയെടുക്കാന്‍ വയ്യാണ്ടായി ... ആദ്യമൊക്കെ അറബീടെ ചീത്ത വിളി കേട്ടാ മതീരുന്നു ..
ഇപ്പൊ അറബി തല്ലാനും തുടങ്ങീ ...
ങ്ങള് ഉമ്മാക്ക് സുഖോം ഇല്ലാന്ന് പറഞ്ഞ് ഒരു ടെലെഗ്രാം അടിക്കണം ...
പടച്ചോനെ വിചാരിച്ചു ങ്ങള് കത്ത് കിട്ടിയാല്‍ അപ്പൊ തന്നെ അടിക്കണം
ങ്ങളെ ടെലെഗ്രാം അടിച്ചില്ലെങ്കില്‍ ഞാന്‍ വല്ല കടും കൈയും ചെയ്യ്യും..
ഇനി എല്ലാം നേരില്‍ പറയാം ...
വാപ്പാക്കുള്ള റാഡോ വാച്ച് ഞാന്‍ വാങ്ങീട്ടുണ്ട് .....
കത്ത് വായിച്ചു കേട്ട് വല്ലാണ്ട് ആയെങ്കിലും മമ്മത് ഒന്ന് ആശ്വസിച്ചു ...ഓന്‍ വാച്ച് വേടിച്ചല്ലോ...
നാട്ടിലെത്തിയ രായിന്‍ കുട്ടീടെ പെട്ടി തുറന്നതും മമ്മത് അന്തിച്ചിരുന്നു ...
കുറെ പഴയ തുണികള് .....

തുണീല് പൊതിഞ്ഞ ഒരു കൂട് തുറന്നു തങ്കത്തിന്റെ കളര് ഉള്ള ഒരു വാച്ച് എടുത്തു മമ്മതിന് നേരെ നീട്ടി
രായിന്‍ കുട്ടി പറഞ്ഞു..ഇതാ ഉപ്പാ ങ്ങള് പറഞ്ഞ റാഡോ...
ഇരുപത്തയ്യായിരം ഉറുപ്പികേടെ മുതലാ ...ഒറിജിനലാ ...നിലത്തെറിഞ്ഞാല്‍ പൊട്ടില്ല ..
സാധാരണ ചില്ല് അല്ല ...കടക്കാരന്‍ ചുറ്റിക കൊണ്ട് അടിച്ചു നോക്കീതാ..
മമ്മതിന് തെല്ലൊരു അഭിമാനം തോന്നി ..

ചായക്കടയിലെ അന്നത്തെ വിഷയം മമ്മതിന്റെ പുതിയ റാഡോ വാച്ചായിരുന്നു ...
ങ്ങള് വെറുതെ പുളു അടിക്കണ്ടാ മമ്മത് ക്കാ..
ഇതിലും വലിയ വാച്ച് മ്മടെ തങ്ങളുടെ കയ്യിന്മേ ണ്ട് ..ചുറ്റിക ക്കടിച്ചാല്‍ പൊട്ടാത്ത വാ ച്ചോന്നും ഈ ദുനിയാവില്‍ ഇറങ്ങീ ട്ടില്ല ..ങ്ങടെ മോന്‍ ങ്ങളെ പറ്റിച്ചതാ ...ഒറ്റക്കണ്ണന്‍ പോക്കരുടെ കളിയാക്കല്
മമ്മതിന് സഹിച്ചില്ല ...

ചിലക്കാതിരിക്കാടാ ...ഞാനിപ്പോ കാണിച്ചു തരാം ...ഉസ്മാനെ നീയാ ചുറ്റിക എടുത്താ ...
ഞാന്‍ അടിക്കാന്‍ പോകാ ...പോട്ടീല്ലെങ്കില്‍ നൂറു ഉറുപ്പിക പോക്കര് തരണം ....പൊട്ടിയാ നൂറു ഉറുപ്പിക ഞാന്‍ പോക്കറിന് കൊടുക്കും ..മമ്മത് വെല്ലു വിളിച്ചു ....
ഞാന്‍ റെഡി ...പോക്കര് പറഞ്ഞു ...
കായി കെട്ടി വെക്ക്..
ആദ്യം ങ്ങള് അടിക്ക്.. എല്ലാരും കേള്‍ക്കെ അല്ലെ ഞാന്‍ സമ്മതിച്ചേ ..
ശരി വാക്ക് മാറിയാ അള്ളാനെ അന്റെ മറ്റേ കണ്ണും ഞാന്‍ അടിച്ചു പൊട്ടിക്കും .

ഉസ്മാന്‍ ചുറ്റിക കൊണ്ട് വന്നു ..മമ്മത് വാച്ച് ഊരി മേശപ്പുറത്തു വെച്ച് ...
ചുറ്റും കൂടിയ ആളുകളെ സാക്ഷി നിര്‍ത്തി മമ്മത് വാച്ചില്‍ ഒറ്റയടി ....
കഷ്ണം കഷണമായി വാച്ച് പൊട്ടിത്തെറിച്ചു ....
മമ്മതിന്റെ ശ്വാസം നിലച്ചു ..കണ്ണ് തള്ളി ..മമ്മത് നിലത്തു കുത്തിയിരുന്നു ...
കണ്ടു നിന്നവര്‍ മൂക്കത്ത് വിരല് വെച്ചു....
നീയല്ലാണ്ട് ആ പോത്തിന്‍റെ വാക്ക് കേക്കോ ....
പണ്ടേ ആളെ സുയിപ്പാക്കണ പണിയാ പോക്കരുക്ക് ന്നു അറിഞ്ഞൂടെ ...
ഒരു ഗ്ലാസ് വെള്ളം വാങ്ങി ക്കുടിച്ച് മമ്മത് പുരയിലേക്ക്‌ നടന്നു ....
നടക്കുന്നതിനിടയില്‍ സ്വയം പറഞ്ഞു ..
നായിന്റെ മോന്‍ ...
സ്വന്തം വാപ്പാനെ പറ്റിക്കാന്‍ ജനിച്ച ഹിമാര് ...

പിന്നില്‍ നിന്ന് പോക്കര് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
മമ്മതുക്കാ ബെറ്റ് കായി ഞ മ്മക്ക് വേണ്ടാ....

ഗോപി വെട്ടിക്കാട്ട്

Sureshkumar Punjhayil  – (September 23, 2010 at 8:57 PM)  

Mammathinum oru vachu...!

Manoharam, Ashamsakal...!!!

Shamal S Sukoor  – (September 28, 2010 at 12:16 PM)  

ഞമ്മളെ മമ്മത്ക്കാന്‍റെ വാച്ച് പൊളിഞ്ഞ കഥ കൊള്ളാം.. അഭിനന്ദനങ്ങള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP