ചോര മണക്കുന്ന നാട്ടുവഴികള്‍ (ചെറുകഥ)പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ  വീണു   കിട്ടിയ ഒരു ചെറിയ അവധിക്കാലം.

കാലത്തിന്റെ കുത്തൊഴുക്കിലും, ദ്രുതമാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ക്കിടയിലും പിന്നേയും പിന്നേയും ഈ നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്, വന്യമായൊരു ആസക്തി!

ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ആദ്യരാവിന്റെ ലഹരിയുടെ ആലസ്യം. ജനലഴികള്‍ക്കപ്പുറത്ത്, റബ്ബര്‍മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളുടെ കൂട്ടം. രാവിനെ കീറിമുറിച്ചു വരുന്ന ചീവീടുകളുടെ ശബ്ദത്തിനപ്പുറം താഴെ റോഡിലെ കലുങ്കില്‍ പാതിരാവും പകലാക്കി മാറ്റുന്ന ഏതെല്ലാമോ ചെറുപ്പക്കാരുടെ പൊട്ടിച്ചിരികളും, ആക്രോശങ്ങളും! പിന്നെ ഒന്നൊന്നായി അകന്നു പോകുന്ന മോട്ടോര്‍ സൈക്കിളുകളുടെ ശബ്ദം.

‘ആരാണ് ഇത്ര രാത്രിയായിട്ടും അവിടെ റോഡില്‍?’
ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് തടവിലാക്കി അവള്‍,
‘ഈ രാത്രി നമുക്ക് നമ്മളെക്കുറിച്ച് മാത്രം സംസാരിക്കാം, എന്താ?'
മുറ്റത്തെ പ്ലാവിന്റെ ഇലകളില്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ഉറക്കം മുറിച്ചത്. ഉമ്മറത്തെ ചാരുകസേരയില്‍ കര്‍ക്കിടകം പെയ്തൊഴിയുന്നതും നോക്കിയിരുന്നു. പേപ്പറുകാരന്‍ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ വര്‍ത്തമാനപത്രത്തില്‍ സംഘര്‍ഷവും, അറസ്റ്റും, നിരോധനവും ഒക്കെയായി പതിവ് വാര്‍ത്തകള്‍ തന്നെ!
‘അല്ലാ, ചന്ദ്രനിതെപ്പോള്‍ വന്നു?’

ഗേറ്റിനരികില്‍ വാര്യര്‍ മാഷുടെ മുഴങ്ങുന്ന ശബ്ദം. അങ്ങോട്ട് നടന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മാഷ് ഏറെ പ്രായമായിരിക്കുന്നു. തലമുടിയൊക്കെ പഞ്ഞിക്കെട്ട് പോലെ. വെളുത്ത ഖദര്‍ ജൂബക്കും, മുണ്ടിനും, ഷാളിനും ഒരു മാറ്റവുമില്ല.
‘മാഷിതെങ്ങോട്ട് പോകുന്നു?’
‘ഒന്നും പറയെണ്ടെന്റെ കുട്ടീ, അതൊക്കെ പിന്നെ പറയാം. തനിക്ക് സുഖമല്ലേ?’
മറുപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ മാഷ് മുന്നോട്ട് നടന്നു.
അപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്.
‘വലിയ കഷ്ടമാ ഈ മാഷിന്റെ കാര്യം. പെന്‍ഷന്‍ കിട്ടിയ കാശെല്ലാം കൊണ്ട് മൂത്ത മോളേ കെട്ടിച്ചു. ഇളയ കൊച്ചിനെ കെട്ടിക്കാന്‍ വീടും പറമ്പും ഒക്കെ പണയം വച്ചു. ഭാര്യയാണെങ്കില്‍ നിത്യ രോഗിണിയും. പലിശക്കാരന്‍ വീടൊഴിഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞ് ഗുണ്ടകളെക്കൊണ്ട് ദിവസവും ശല്യപ്പെടുത്തുകേം.ഇപ്പോള്‍ സൊസൈറ്റിയിലെങ്ങാണ്ട് കണക്കെഴുതാന്‍ പോന്നൊണ്ട്.’
പണ്ട് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ പുരാണകഥകളോടൊപ്പം, എല്ലാ മതങ്ങളും ദൈവങ്ങളും സ്നേഹം തന്നെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത വാര്യര്‍ മാഷ്!
വൈകുന്നേരം പുറത്തൊക്കെയൊന്ന് ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’
‘പിന്നേ, ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെയീ നാടിനെ നീ വേണോ എനിക്ക് പരിചയപ്പെടുത്താന്‍‘ എന്ന് ഒരു ചിരിയിലൊതുക്കി മുന്നോട്ട് നടന്നു.
നാലും ചേരുന്ന മുക്ക്, സ്ഥലത്തെ അങ്ങാടി, ആകെ മാറിയിരിക്കുന്നു. ശങ്കരേട്ടന്റെ മാടക്കട നിന്ന സ്ഥലത്ത് ഒരു രണ്ട് നിലക്കെട്ടിടം. ഷട്ടറിട്ട ഒരു മുറിയില്‍ ഇപ്പോഴും ശങ്കരേട്ടന്റെ ഏറെ വളര്‍ന്ന കട.അടുത്തൊക്കെ മറ്റ് പുതിയ കടകള്‍. രണ്ടാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനം. പുതിയ ഓട്ടോ സ്റ്റാ‍ന്‍ഡ്. വഴിയുടെ അങ്ങേ വശത്ത് സൊസൈറ്റിയുടെ ഓഫീസ്സ് കെട്ടിടം.
ശങ്കരേട്ടന്‍ സ്നേഹത്തോടെ ഉള്ളിലെക്ക് ക്ഷണിച്ചു.അവിടുത്തെ സോഡാ നാരങ്ങാവെള്ളത്തിന് ഇപ്പോഴും പഴയ സ്വാദ്!
സംസാരിച്ചിരിക്കുന്നതിനിടയില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പട പട ശബ്ദത്തോടെ കടയുടെ മുന്നില്‍ ഇരച്ച് നിന്നു. അതില്‍ നിന്ന് ചാടിയിറങ്ങിയ പയ്യന്‍ കടയിലേക്ക് വന്ന് ഒരു പാക്കറ്റ് സിഗററ്റെടുത്ത്, പോക്കറ്റില്‍ നിന്ന് ഒരു നോട്ട് വലിച്ചെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞ്‌ തിരിഞ്ഞ് നടന്നു. 21-22 വയസ്സുള്ള പയ്യന്‍, ജീന്‍സും ടീഷര്‍ട്ടും വേഷം, റെയ്ബന്‍ സണ്‍ഗ്ലാസ്സ്, കയ്യിലും കഴുത്തിലും വീതിയുള്ള സ്വര്‍ണച്ചെയിന്‍, മറ്റെക്കയ്യില്‍ പലതരത്തിലുള്ള ചരടുകള്‍, നെറ്റിയില്‍ നെടുകയൊരു കുങ്കുമക്കുറി. ബൈക്കിന്റെ പിന്നിലിരുന്നവനു കുറിയും, ചരടുമില്ല എന്ന വ്യത്യാസം മാത്രം!

‘ഇതേതാ ശങ്കരേട്ടാ ഈ പിള്ളാര്‍... ഇവരെന്താ ഇങ്ങനെ?
ശങ്കരേട്ടന്‍ നിസ്സംഗതയോടെ ഒന്ന് ചിരിച്ചു.
‘എന്ത് പറയാനാ ചന്ദ്രാ, അവന്മാരാ ഇപ്പോള്‍ ഇവിടുത്തെ രാജാക്കന്മാരും ഹീറോസും.ആ കേറി വന്നവനെ മനസ്സിലായോ?’

‘ഇല്ല’
‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’
കാണുമ്പോഴൊക്കെ, പഠിക്കാതെ വഴക്കാളിയായി നടക്കുന്ന മോനെക്കുറിച്ച് പറഞ്ഞ് ടീച്ചര്‍ കരയാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു. പണ്ട് കൊപ്രായെടുക്കാന്‍ വരുമ്പോഴൊക്കെ ഇക്കയുടെ കൂടെ ചിലപ്പോഴൊക്കെ വരുമായിരുന്ന നാണം കുണുങ്ങിയായ സുബൈര്‍ എന്ന കൊച്ചു പയ്യനേയും.
‘ഇവന്മാര്‍ക്ക് വേറേയും കുറെ കൂട്ടുകാരുണ്ട്, നമ്മുടെ പഴയ പലചരക്ക് കടക്കാരന്‍ ജോര്‍ജിന്റെ മോന്‍, കാളവണ്ടിക്കാരന്‍ ഹംസയുടെ മോന്‍, പിന്നെ എവിടുന്നൊക്കെയോ വരുന്ന കുറേ പിള്ളാരും’.

‘അല്ല ശങ്കരേട്ടാ, എന്താ ഇവരുടെ ജോലി?’
‘ഉം, ജോലി! ഇടക്കൊക്കെ ആരൊക്കെയോ വന്ന് വിളിച്ചോണ്ട് പോകുന്നതും കൊണ്ട് വിടുന്നതും ഒക്കെക്കാണാം. ക്വട്ടേഷന്‍ സംഘം എന്നൊക്കെ പറയുന്നു. ഏതായാലും കൈ നിറയെ കാശുണ്ട്. പിന്നെ ഇപ്പോള്‍ ടൌണിലെ ഏതോ പലിശക്കാരന്റെ ഗുണ്ടാപ്പണിയാണ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്!’

‘ഓഹ്, ഈ നാട്ടിന്‍പുറത്തും ക്വട്ടേഷന്‍ സംഘമോ ശങ്കരേട്ടാ?’
‘രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ. ഇടയ്ക്കെങ്ങാണ്ട് അത് ചോദിച്ചതിനു നമ്മുടെ പഞ്ചായത്ത് മെംബര്‍ ശങ്കരന്‍ങ്കുട്ടിസാറിന്റെ കാല് അവന്മാര് അടിച്ചൊടിച്ചു കളഞ്ഞു’.
അവിടെയുമിവിടെയും ചില പോസ്റ്റുകളിലെ വഴിവിളക്കുകള്‍ മെല്ലെ കണ്ണു ചിമ്മാന്‍ തുടങ്ങി. സൈസൈറ്റി പൂട്ടി വാര്യര്‍ മാഷ് മെല്ലെ റോഡിലേക്കിറങ്ങി. അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഏതാനം മോട്ടോര്‍ബൈക്കുകള്‍ റോഡിന്റെ അങ്ങേയറ്റത്ത് നിന്നും ഇരച്ച് വന്നത്. വാരിയര്‍ മാഷിന്റെ അടുത്തെത്തി അവ ടയറുകള്‍ വലിയ ശബ്ദത്തിലുരച്ച് ബ്രേക്കിട്ട് നിന്നു. പിന്നെ പടക്കം പൊട്ടുന്ന ശബ്ദവും, ചുറ്റുപാടും പുകയും.

ഒരു ബൈക്കിന്റെ പുറകിലിരുന്നവന്റെ കൈ ഉയര്‍ന്നു താണു. ലോഹത്തിളക്കം വായുവില്‍ മിന്നിമറഞ്ഞതിനോടൊപ്പം ഒരു ആര്‍ത്തനാദത്തോടെ മാഷ് മുന്നൊട്ട് വീണു!
‘അയ്യോ മാഷ്...!’
പുറത്തേക്ക് ഓടാനൊരുങ്ങിയ എന്നേ അകത്തേക്ക് തന്നെ പിടിച്ച് ശങ്കരേട്ടന്‍ ഷട്ടര്‍ വലിച്ചു താഴ്ത്തി.
‘വേണ്ടാ കുട്ടീ, വേണ്ടാത്തതിലൊന്നും ചെന്ന് ചാടണ്ട!’

കുറച്ച് സമയത്തിനുള്ളില്‍ പുറത്ത് പോലീസ് വാഹനങ്ങളുടേയും മറ്റും ശബ്ദം. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ പുറത്തിറങ്ങി. വേഗം വീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പോലീസുകാര്‍ ആരുടെയൊക്കെയോ മൊഴി എടുക്കുന്നുണ്ടായിരുന്നു.
ടി. വി. യുടെ മുന്നില്‍ ഭാര്യയും അമ്മയും റിയാലിറ്റിഷോയേക്കുറിച്ച് ഗൌരവമായ ചര്‍ച്ച! അപ്പോഴും അമ്പരപ്പ് മാറത്ത മനസ്സുമായി ടി. വി. യില്‍ നോക്കിയിരിക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് ... റിട്ടയേര്‍ഡ് അധ്യാപകനു  നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... ഈ തീവ്രവാദികളെ ഒരു സമുദായനേതൃത്വം സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.... ആക്രമണത്തില്‍ പ്രതിഷേധിച്ച് മറുപക്ഷം നാളെ ഹര്‍ത്താല്‍ നടത്തുന്നു ...!!

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

Read more...

മമ്മതും റാഡോ വാച്ചും ...കഥപണ്ട് അതായത് ഇന്നത്തെപ്പോലെ മുക്കിന് മുക്കിന് ഗള്‍ഫുകാര്‍ ഇല്ലാതിരുന്ന കാലം ...അന്നത്തെ കാലത്ത് ഗള്‍ഫുകാര്‍ക്ക് ഒരു വിലയൊക്കെ ഉണ്ടായിരുന്നു ... പത്തിന്റെ നോട്ടുപോലും നാട്ടുകാര്‍ക്ക് കിട്ടാക്കനി ആയിരുന്ന കാലത്ത് ഗള്‍ഫുകാരുടെ തന്തമാര്‍ നൂറിന്റെ നോട്ട് സില്‍ക്ക് കുപ്പായത്തിന്റെ
കീശയില്‍ അടക്കി വെച്ച് അന്തസ്സോടെ നടന്നിരുന്ന കാലം ..
അന്നത്തെ ക്കാലത്ത് റയ്ബണ്‍ കണ്ണടയും വെച്ച് റാഡോ വാച്ചും കെട്ടിയായിരുന്നു കാരണവന്മാര്‍ അങ്ങാടിയില്‍ വരെ പോയിരുന്നത് .
അയലക്കത്തുള്ള വീടുകളിലെ സമപ്രായക്കാരൊക്കെ ഇങ്ങനെ നടക്കുന്നത് കാണുമ്പോള്‍ മമ്മത് തെല്ലൊരു അസൂയയോടു കൂടി നോക്കാറുണ്ട് ...
തന്റെ മോന്‍ രായിന്‍ കുട്ടി ദുബായില്‍ പോകണ തും മാസാമാസം പോസ്റ്റ്‌ മാന്‍ ഡ്രാഫ്റ്റ് കൊണ്ട് വരണ തും രണ്ടു കൊല്ലം കൂടുമ്പോള്‍ എടുത്താല്‍ പൊന്താത്ത പെട്ടികളുമായി വിമാനം ഇറങ്ങണതും സ്വപ്നം കാണാറുണ്ട്‌ ....എന്റെ മോനോന്നു പൊക്കോട്ടെ ....സ്വയം ആശ്വ സിക്കാരുണ്ട് ..

പത്താം തരം കഴിഞ്ഞപ്പോള്‍ മമ്മത് മോനോട് പറഞ്ഞു ..നീയിനി ഡ്രൈവിംഗ് പഠിച്ചോ ..ഗള്‍ഫില്‍ ഇപ്പൊ അതിനാ മാര്‍ക്കെറ്റ് ...
ഡ്രൈവിംഗ് പഠിച്ചാല്‍ അന്നേ കൊണ്ടാവാം ന്നു വല്യ തങ്ങള്ടെ മോന്‍ കരീം ഇന്നലേം കൂടി പറഞ്ഞു ...
നിക്ക് കോളേജില്‍ പോണം ....ഇനീം പഠിക്കണം ....
ഇബിലീസേ ഇന്നത്തെ കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യല്യ ....വല്ലോരോടെം അടീം കാലും പിടിച്ച് ഒരു വിസ ഒപ്പിച്ചെടുക്കാന്‍ പാട് പെടുമ്പോ ..
അവന്റെ ഒരു കോളേജ് ...മിണ്ടി പോകരുത് ...
തന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ കരി നിഴല്‍ വീഴ്ത്താനുള്ള മകന്‍റെ ആശ കണ്ടു മമ്മത് പൊട്ടി ത്തെറിച്ചു....

മനസ്സില്ലാ മനസ്സോടെയാണ് രായിന്‍ കുട്ടി ഡ്രൈവിംഗ് പഠിച്ചത് ...ലൈസന്സ് കിട്ടിയപ്പോ തന്നെ വീട് പണയം വെച്ച് മമ്മത് വിസക്കുള്ള പണം കൊടുത്തു ... മൂന്നു നാല് കൊല്ലം കഴിഞ്ഞപ്പോ പറഞ്ഞ വാക്കനുസരിച്ച് തങ്ങടെ മോന്‍ കരീം അവനു
വിസയുംയച്ചു ...അങ്ങനെ രായിന്‍ കുട്ടി ദുബായിലേക്ക് പറന്നു .......ദുബായില് ഒരു അറബിടെ ഡ്രൈവറായി ...

ഓരോ മാസവും പോസ്റ്റ്‌ മാന്‍ കൊണ്ട് വരുന്ന കവര് തുറക്കുമ്പോള്‍ മമ്മത് മോനെ പ്രാകാന്‍ തുടങ്ങി .
കള്ള ഹിമാര് കിട്ടണ തൊക്കെ എന്താണാവോ ചൈയ്യനത് ....ഓന്റെ ഒരു രണ്ടായിരം ഉറുപ്പിക ...
അങ്ങ്ലെലെ അസ്സനാരുടെ മോന്‍ പോയിട്ട മാസം രണ്ടു ആയതേയുള്ളൂ ....
വാര്‍പ്പിന്റെ പുരക്കുള്ള പണി തുടങ്ങി .....

ഇക്കണക്കിന്‌ ഇരിക്കണ പുര പോകുംന്നാ തോന്നണേ ....ങ്ങള് ഓന് നല്ലോണം ഒരു കത്തെഴുത്...
കായി ഇങ്ങനെ അയച്ചാല്‍ ശരിയാകില്ല ...എളെതുങ്ങള് രണ്ടെണ്ണം കെട്ടിച്ചു വിടാനായി..ഒനെന്തു കളിയാ ഇ ക്കളിക്കണത്‌...
കെട്ട്യോളുടെ വാക്ക് ശരിയാണെന്ന് മമ്മതിനും തോന്നി ...

കത്തെഴുതി മടക്കാന്‍ നേരത്ത് മമ്മത് മോളോട് പറഞ്ഞു ...
നീയ് വരുമ്പോ വാപ്പാക്ക് ഒരു റാടോ വാച്ച് ..നല്ല തങ്കത്തിന്റെകളര് ഉള്ളത് കൊണ്ട് വരണം ....മറക്കണ്ടാ
എന്ന് കൂടി എഴുതീക്കോ
രായിന്‍ കുട്ടീടെ മറുപടി കത്ത് വന്നു ....
എത്രെയും പ്രിയം നിറഞ്ഞ വാപ്പാക്ക് അസാലാമു അലൈക്കും ..
വാപ്പ ..എനിക്ക് ഇവിടെ പണിയെടുക്കാന്‍ വയ്യാണ്ടായി ... ആദ്യമൊക്കെ അറബീടെ ചീത്ത വിളി കേട്ടാ മതീരുന്നു ..
ഇപ്പൊ അറബി തല്ലാനും തുടങ്ങീ ...
ങ്ങള് ഉമ്മാക്ക് സുഖോം ഇല്ലാന്ന് പറഞ്ഞ് ഒരു ടെലെഗ്രാം അടിക്കണം ...
പടച്ചോനെ വിചാരിച്ചു ങ്ങള് കത്ത് കിട്ടിയാല്‍ അപ്പൊ തന്നെ അടിക്കണം
ങ്ങളെ ടെലെഗ്രാം അടിച്ചില്ലെങ്കില്‍ ഞാന്‍ വല്ല കടും കൈയും ചെയ്യ്യും..
ഇനി എല്ലാം നേരില്‍ പറയാം ...
വാപ്പാക്കുള്ള റാഡോ വാച്ച് ഞാന്‍ വാങ്ങീട്ടുണ്ട് .....
കത്ത് വായിച്ചു കേട്ട് വല്ലാണ്ട് ആയെങ്കിലും മമ്മത് ഒന്ന് ആശ്വസിച്ചു ...ഓന്‍ വാച്ച് വേടിച്ചല്ലോ...
നാട്ടിലെത്തിയ രായിന്‍ കുട്ടീടെ പെട്ടി തുറന്നതും മമ്മത് അന്തിച്ചിരുന്നു ...
കുറെ പഴയ തുണികള് .....

തുണീല് പൊതിഞ്ഞ ഒരു കൂട് തുറന്നു തങ്കത്തിന്റെ കളര് ഉള്ള ഒരു വാച്ച് എടുത്തു മമ്മതിന് നേരെ നീട്ടി
രായിന്‍ കുട്ടി പറഞ്ഞു..ഇതാ ഉപ്പാ ങ്ങള് പറഞ്ഞ റാഡോ...
ഇരുപത്തയ്യായിരം ഉറുപ്പികേടെ മുതലാ ...ഒറിജിനലാ ...നിലത്തെറിഞ്ഞാല്‍ പൊട്ടില്ല ..
സാധാരണ ചില്ല് അല്ല ...കടക്കാരന്‍ ചുറ്റിക കൊണ്ട് അടിച്ചു നോക്കീതാ..
മമ്മതിന് തെല്ലൊരു അഭിമാനം തോന്നി ..

ചായക്കടയിലെ അന്നത്തെ വിഷയം മമ്മതിന്റെ പുതിയ റാഡോ വാച്ചായിരുന്നു ...
ങ്ങള് വെറുതെ പുളു അടിക്കണ്ടാ മമ്മത് ക്കാ..
ഇതിലും വലിയ വാച്ച് മ്മടെ തങ്ങളുടെ കയ്യിന്മേ ണ്ട് ..ചുറ്റിക ക്കടിച്ചാല്‍ പൊട്ടാത്ത വാ ച്ചോന്നും ഈ ദുനിയാവില്‍ ഇറങ്ങീ ട്ടില്ല ..ങ്ങടെ മോന്‍ ങ്ങളെ പറ്റിച്ചതാ ...ഒറ്റക്കണ്ണന്‍ പോക്കരുടെ കളിയാക്കല്
മമ്മതിന് സഹിച്ചില്ല ...

ചിലക്കാതിരിക്കാടാ ...ഞാനിപ്പോ കാണിച്ചു തരാം ...ഉസ്മാനെ നീയാ ചുറ്റിക എടുത്താ ...
ഞാന്‍ അടിക്കാന്‍ പോകാ ...പോട്ടീല്ലെങ്കില്‍ നൂറു ഉറുപ്പിക പോക്കര് തരണം ....പൊട്ടിയാ നൂറു ഉറുപ്പിക ഞാന്‍ പോക്കറിന് കൊടുക്കും ..മമ്മത് വെല്ലു വിളിച്ചു ....
ഞാന്‍ റെഡി ...പോക്കര് പറഞ്ഞു ...
കായി കെട്ടി വെക്ക്..
ആദ്യം ങ്ങള് അടിക്ക്.. എല്ലാരും കേള്‍ക്കെ അല്ലെ ഞാന്‍ സമ്മതിച്ചേ ..
ശരി വാക്ക് മാറിയാ അള്ളാനെ അന്റെ മറ്റേ കണ്ണും ഞാന്‍ അടിച്ചു പൊട്ടിക്കും .

ഉസ്മാന്‍ ചുറ്റിക കൊണ്ട് വന്നു ..മമ്മത് വാച്ച് ഊരി മേശപ്പുറത്തു വെച്ച് ...
ചുറ്റും കൂടിയ ആളുകളെ സാക്ഷി നിര്‍ത്തി മമ്മത് വാച്ചില്‍ ഒറ്റയടി ....
കഷ്ണം കഷണമായി വാച്ച് പൊട്ടിത്തെറിച്ചു ....
മമ്മതിന്റെ ശ്വാസം നിലച്ചു ..കണ്ണ് തള്ളി ..മമ്മത് നിലത്തു കുത്തിയിരുന്നു ...
കണ്ടു നിന്നവര്‍ മൂക്കത്ത് വിരല് വെച്ചു....
നീയല്ലാണ്ട് ആ പോത്തിന്‍റെ വാക്ക് കേക്കോ ....
പണ്ടേ ആളെ സുയിപ്പാക്കണ പണിയാ പോക്കരുക്ക് ന്നു അറിഞ്ഞൂടെ ...
ഒരു ഗ്ലാസ് വെള്ളം വാങ്ങി ക്കുടിച്ച് മമ്മത് പുരയിലേക്ക്‌ നടന്നു ....
നടക്കുന്നതിനിടയില്‍ സ്വയം പറഞ്ഞു ..
നായിന്റെ മോന്‍ ...
സ്വന്തം വാപ്പാനെ പറ്റിക്കാന്‍ ജനിച്ച ഹിമാര് ...

പിന്നില്‍ നിന്ന് പോക്കര് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
മമ്മതുക്കാ ബെറ്റ് കായി ഞ മ്മക്ക് വേണ്ടാ....

ഗോപി വെട്ടിക്കാട്ട്

Read more...

ഉദരചിത്തം ...!!


നൊമ്പരമുള്ളിലൊതുക്കി
യാത്രയാകുന്നു ഞാന്‍
നിന്ദ്രയേന്താതെ
ഒരുനേരമെങ്കിലുമിത്തിരിയന്നം

വിശപ്പിന്‍ മറുമൊഴിയ്ക്കു
തേടിയല്പം വെളിച്ചത്തിനായ്‌ ...


ആരോ വലിച്ചെറിഞ്ഞ
ഭോജനമെങ്കിലുമിന്നെന്നുദരം
നിറച്ചുവെങ്കില്‍ ...,
ഒരു തുണ്ടുവസ്ത്രമീമാറു
മറചിരുന്നുവെങ്കില്‍ ...


പടിവാതില്‍ക്കല്‍
കൈനീട്ടുമ്പോള്‍
ക്ഷിപ്രകോപിയാം മേലാളന്‍
ദൂരെയാട്ടിയ
സ്വപ്നങ്ങളൊക്കെയും

തീണ്ടാപാടകലെ വിലപിച്ചു
നഷ്ടസ്വപ്നവും പേറി
യാത്രയാകുന്നു മറ്റൊരു
ദിക്കിലേക്ക് ...........

Read more...

ഹൃദയം

ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-

ചോര ചിന്തുന്ന ജൈത്രയാത്ര?
സാമ്രാജ്യത്വമേ, നീ അറിയുക
പിടഞ്ഞുവീഴുന്ന നിരാലംബര്‍ക്ക്,-
അനാഥര്‍ക്ക്, പിഞ്ചു കുഞ്ഞിന്-
ഒരു ഹൃദയമുണ്ട്..
രക്തം തുടിക്കുന്ന, കറ പുരളാത്ത, -
നിന്നെ ശപിക്കുന്ന ഹൃദയം.
നിന്‍റെ അടങ്ങാത്ത ചോരക്കൊതിതീരുവാന്‍-
കാത്തിരിക്കുന്ന മാനസങ്ങള്‍ എത്രയെന്നോര്‍ക്കുക നീ..

Read more...കഥ
വിശപ്പ്‌

സായന്തനമായി.
മരത്തില്‍ കിളികള്‍ കുടണഞ്ഞു
തുടങ്ങിയിരിക്കുന്നു.
ഒറ്റപ്പെട്ടൊരു കൊമ്പില് ‍തന്റെ കൂടിനടുത്ത്
പെണ്‍കിളി മുകയായിരുന്നു,
ഇണയെ കാത്ത്, മക്കളെയും....
ഇണക്കിളി വന്നു.
പെണ്‍കിളി ചോദിച്ചു:
"ഇന്നും വെറും ചുണ്ടൊടെയാണോ?"
"അതെ" ആണ്‍കിളിമൊഴിഞ്ഞു .
"എനിക്കും ഒന്നും കിട്ടിയില്ല, മക്കളെവിടെ?"
പെണ്‍കിളിചോദിച്ചു .
"അപ്പുറത്തെ കൊമ്പിലൊരു
കിളി വിശന്നു മരിച്ചിരിക്കുന്നു ,
അതിനെ തിന്നുവാന്‍..."
ആണ്‍കിളി പറഞ്ഞു .
"ഇന്നെന്തു ചെയ്യും, എനിക്ക് വിശക്കുന്നു"
ദയനീയമായ സ്വരത്തില്‍
പെണ്‍കിളി പറഞ്ഞു .
"നീ എന്നെ തിന്നോളൂ ..."
ആണ്‍ കിളി പറഞ്ഞു .
"അപ്പോ നീയോ ?"
"പിന്നെ എനിക്ക് വിശക്കില്ലല്ലോ".
.
(ഇന്ന് ഓണക്കാഴ്ച 1997 ) 

Read more...

പാടാൻ മറന്നുവോ...

മണിക്കുയിലേ
നീ പാടാൻ മറന്നതെന്തേ
കുട്ടിക്കുറുമ്പിൻ കളിയുമായ്
മറുപാട്ടു പാടേണ്ടതില്ലേ

പൂമരമെല്ലാം പൂക്കാൻ മറന്നുവോ
പാട്ടുകൾ തൻ ഈണം മറന്നുവോ
കൂടൊന്നു കൂട്ടുവാൻ ചില്ലകളില്ലേ
കാകന്റെ കൂട്ടിലിനി താമസമില്ലേ

കാക്കയ്ക്കും തൻ കുഞ്ഞു
പൊൻ കുഞ്ഞായ് മാറുമ്പോൾ
പത്തു കാശിന്റെ വില്പനക്കായ്
മാനവ ജീവനു വിലപേശുന്നിവിടെ

പെറ്റമ്മ തന്നുടെ വിലപേശൽ കേട്ടാൽ
മർത്യജന്മമിതു ശാപമെന്നോതിടും
കലികാലമിന്നിതിൽ പാട്ടും മറന്നുവോ
കുയിലമ്മ തന്നുടെ കൂടും മറന്നുവോ

Read more...

ഇടവേള

ഇ.എ.സജിം തട്ടത്തുമല

ഇടവേള


നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP