ഇനിയും തരുമോ...

താരാട്ടിനീണമിന്നുമെൻ
ചുണ്ടിൽ തത്തിക്കളിക്കവേ
നീറുന്നൊരോർമ്മകൾ ബാക്കിയാക്കി
ജീവനെന്നിൽ നിലനില്കവേ

വിധിയുമായ് പൊരുതുമെൻ
മനസ്സിനെയിനിയും നോവിക്കാതെ
ചിറകുമുറിഞ്ഞൊരു പറവയായ് മാറ്റാതെ
പ്രാണൻ വെടിയുവാൻ കനിയേണമേ

കനവുകളെല്ലാം കനലുകളാക്കി
മിഴിനീർ മാത്രം സ്വന്തമേകി നീ
കുഞ്ഞിളം കിളികളേയും കൂടെ കൂട്ടി
പാതി ഉയിരെന്നിൽ ബാക്കിവെച്ചതെന്തിനായ്

ഒരു ജന്മം കൂടെ തന്നെന്നാലും
കൊതിതീരെ ഞാനൊന്നു കണ്ടതില്ല
മതിവരുവോളം സ്നേഹം നുകർന്നതില്ല
പുനർജനിച്ചീടുമെങ്കിൽ നിന്നരികിലായ് ഞാനണയാം...

Read more...

അയ്യപ്പന് ഒരു അന്ത്യോപചാരംഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ

കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

ഹരിതമായ്, നിത്യഹരിതമായ് നിര്‍ത്തിടേണം നമുക്കതിനെ

മരണദേവത പുല്‍കിടുംനാളു മുന്നില്‍ക്കണ്ടൊരാ  കവി
കരുതിവെച്ചിരുന്നതാണാ മലര്‍‍  മാലോകരെ.
ഒന്നുചുംബിച്ചടാത്തതാണാ മലര്‍ മാലോകരെ.
ഒരു സുഗന്ധം വീശിടാനായ് നമുക്കിനിയും
ഹൃത്തടത്തില്‍ കരുതി വെച്ചുകവിയാ പൂവിത്രനാളും.
നറുമണം വിതറുമിനിയാ മലര്‍നമുക്കുചുറ്റും
മറന്നിടേണ്ട നമുക്കീരഹസ്യമിനിയുള്ള നാള്‍.
ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!

Read more...

കാറ്റായ്, മഴയായ്...

ആ കത്തു നെഞ്ചോടു ചേർത്തു ഞാൻ, ഒരു സ്വപ്നത്തിലെന്ന പോലെ ഒരുപാടുനേരം ഈ ലോകത്തെ മറന്നു തന്നെ നിന്നു.

അവൻ വരുന്നു.. ഒരുപാടു നാളത്തെ ആഗ്രഹം പൂവണിയുവാൻ പോകുന്നു.
നേരിട്ടൊന്നു കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല.. പക്ഷെ ഇന്നവൻ എന്റെ എല്ലാമാണു. കാണാതെ പറയാതെ എല്ലാം അറിയുന്ന ജീവന്റെ അംശമായി മ​‍ാറിയ അവൻ നേരിൽ വരുന്നു. കണ്ണോടു കണ്ണു കാണുവാൻ കാതോടു കാതോരം കിന്നാരമോതുവാൻ ഇനിയും ദിവസങ്ങൾക്കുള്ളിൽ അവനെത്തും.

പുതിയ ലോകത്തിലെ ഒറ്റപ്പെടലിനുള്ളിൽ ഒരു സ്വാന്തനമായ് ആശ്രയമായ് അവൻ മാറിയതെപ്പോഴാണു. എവിടെയും തിക്കും തിരക്കും നിറഞ്ഞ ജീവിതങ്ങളുടെ പാച്ചിലിനുള്ളിൽ നിന്നും ഒറ്റപ്പെടുവാൻ ശ്രമിച്ചിരുന്ന എന്റെ ഉൾവലിയൽ അവനും അനുഭവിച്ചിരുന്നപ്പോൾ നെറ്റിന്റെ ലോകത്തിലൂടെ പരസ്പരം കൂട്ടുകൂടാൻ ഇഷ്ടപെടുകയായിരുന്നു.

പരസ്പരം ആശ്വാസമാകുമായിരുന്നപ്പോൾ അറിയാതെ തന്നെ കൂടുതൽ അറിയുവാൻ ശ്രമിക്കയായിരുന്നു. കാറ്റായ്, മഴയായ്, കഥയായ്, കവിതയായ് ഒക്കെ അവ്നെന്നെ ആശ്വസിപ്പിച്ചപ്പോൾ എല്ലാം അവനെന്നു തന്നെ മനസ്സിൽ നിശ്ചയിച്ചുറപ്പിക്കയായിരുന്നു. ഇന്നിതാ കടൽ കടനു അവൻ വരുന്നു...

അകലെ നിന്നു തന്നെ അവന്റെ നിറഞ്ഞ പുഞ്ചിരി തിരിച്ചറിയാം.. നെറ്റിൽ കണ്ട രൂപം തിരിച്ചറിയാൻ ഒരു വിഷമവുമുണ്ടായില്ല, ഈ ലൊക്കത്തെ മറന്നു അവന്റെ കൈകൾക്കുള്ളിൽ ഒതുങ്ങുമ്പോഴെക്കും അമ്മയുടെ വിളിയെത്തി...

മോളേ... വീണ്ടൂം ആ വിളിയെത്തിയപ്പോൾ പരിസരബൊധത്താൽ കണ്മിഴിച്ചു...
അവനെവിടെ....ഇരുണ്ടൂ മൂടിയ ആകാശം രാവേറെയായ പ്രതീതി നല്കുന്നല്ലോ. ഒരു എഴുത്തുണ്ട് എന്ന അമ്മയുടെ വാക്കാണു, കണ്ടതെല്ലാം സ്വപ്നമെന്ന് മനസ്സിലാക്കിയതു. മനോഹരമായ കവർ തുറന്നപ്പ്പ്പോൾ എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നൊരിക്കൽ കൂടി ആഗ്രഹിച്ചു.. അതെന്റെ പ്രിയപ്പെട്ടവന്റെ കല്യാണക്കുറിയായിരുന്നു.

ഉറക്കെ മുഴങ്ങിയ മേഘഗർജ്ജനത്തേക്കാളേറെ ഉച്ചതിൽ എന്റെ ഹൃദയമിടിപ്പ് കേൾക്കാം. ആർത്തലച്ചു വരുന്ന മഴയേക്കാൾ ശക്തിയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കത്തും നെഞ്ചോടു ചേർത്ത് പിന്നെയും ഞാൻ നിന്നു.. ആരും കാണാതെ ആരും കേൾക്കാതെ ഞാനിനിയെങ്കിലും ഒന്നുറക്കെ കരയട്ടെ

Read more...

"ന്യായ വിധി "

========

വിഷം തീണ്ടി നീലിച്ച
മേഘപാളികള്‍ക്കിടയില്‍
"മരണം"
പ്രതീക്ഷയോടെ
കാത്തിരിക്കുന്നത്

വര്‍ണ്ണ പലകയില്‍
കവടി നിരത്തി
ശീതോഷ്ണമാപിനികളുടെ
ഋതു പകര്‍ച്ചകള്‍
കണ്ടു
മിഴികനക്കുമ്പോള്‍
ശവകൂനകള്‍ക്ക് മേലൊരു
തിരു:സഭ പണിയാനാണ്

നിസ്ക്കരിച്ച്‌
ദീപാരാധന നല്‍കി
നാളെയൊരു പുലരിയുടെ
ഇളവേയിലേറ്റ്

മിന്നാതെ പൊലിഞ്ഞു
പുകയാതെ കരിഞ്ഞു
കറപറ്റിയ
ഭ്രാന്തന്‍കനവുകളില്‍
അത്തറു പൂശുവാനാണ്,..

കരുതിയിരിക്കുക',..

വടക്ക് നിന്നൊരു
കാറ്റ് തെക്കോട്ട്‌
വരുന്നത്രേ,..

വിളവു തിന്നുന്ന
വേലിപ്പത്തലുകള്‍
വെട്ടി നിരത്തി
അതിരുകളെ ആകാശ
കോണിലേക്കെറിയുക, ...

വേഗം വെറി പിടിച്ച
നിന്റെ നായ്ക്കളെ
അഴിച്ചുവിടുക,....

ഇനി
പേയിളകുക..

"ചങ്ങലകള്‍ക്കാണ്"

അനില്‍ കുര്യാത്തിRead more...

വഴിയമ്പലം തേടി...

ഇന്റർനെറ്റ്‌ കഫെയിലെ കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞിരിക്കുമ്പോൾ ദാസനു ശരിക്ക്‌ ദേഷ്യം വരുന്നുണ്ടായിരുണ്ടായിരുന്നു. കാര്യം ഗൂഗിളിന്റെ അനന്തമായ സാധ്യതകൾ പരീക്ഷിക്കാൻ ദാസനു വലിയ ഇഷ്ടമാണു. പക്ഷെ, അറിയാല്ലോ, ഈ ചടഞ്ഞുകുത്തിയുള്ള ഇരിപ്പ്‌ അതാ സഹിക്കാൻ വയ്യാത്തെ. നല്ല പ്രായത്തിൽ ചന്ദ്രികയുടെ അടുത്ത്‌ പോലും ദാസൻ ഇത്രയും അധികം സമയം ഒറ്റ ഇരുപ്പ്‌ ഇരുന്നിട്ടില്ല.. ഈയിടെയായി ദാസൻ ഇന്റർനെറ്റിൽ പുതിയൊരു മേഖലയിലേക്ക്‌ കൂടെ കൈവച്ചിരിക്കുകയാണു..ചാറ്റിംഗ്‌ വലിയ ഇഷ്ടമേഖലയൊന്നുമല്ല. പിന്നെ, ചിലനേരത്തുള്ള മടുപ്പ്‌ ഒഴിവാക്കാൻ ഇതൊക്കെ തന്നെ നല്ലത്‌.


ജിടാക്കിലും യാഹൂ മെസ്സെൻ ജറിലും ഒരേസമയം സൈൻ ഇൻ ചെയ്യുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല രവിയെ അവിടെ കാണാൻ കഴിയുമെന്ന്... രവിയെ ഓർമയില്ലേ.. പണ്ട്‌ ദാസനുമായി മൽസരിച്ച നമ്മുടെ സ്വന്തം രവി.. വേണ്ട.. മറ്റൊരാളുടെ ചാറ്റ്‌ രൂമിൽ അതിക്രമിച്ച്‌ കയറുന്നത്‌ സൈബർ കുറ്റമാണു.. എന്നാലും കുഴപ്പമില്ല.. നമുക്ക്‌ അവരുടെ ചാറ്റ്‌ ഹിസ്റ്ററിയിലൂടെ ഒന്ന് സഞ്ചരിച്ച്‌ നോക്കാം....


ദാസൻ : ഹെലോ.. എ.എസ്‌.എൽ. പ്ലീസ്‌ (ചുമ്മ കാണുന്നവർക്കെല്ലാം സ്ഥിരമായി കൊടുക്കുന്ന ഒരു കമന്റ്‌ തന്നെ ഇവിടെയും ഇട്ടു. എന്തുകൊണ്ടോ ആ ഐഡി കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നിയിരുന്നു.. രവി അണ്ടർസ്കോർ ഖസാക്ക്‌..ഇത്‌ അയാൾ ആയിരിക്കുമോ? അങ്ങിനെയാണു മെസേജ്‌ ഇട്ടത്‌)


രവി : രവി ഹിയർ. 62/മെയിൽ / കേരള


ദാസൻ : ദാറ്റ്സ്‌ ഫൈൻ.


രവി : യുവർ എ.എസ്‌. എൽ. പ്ലീസ്‌


ദാസൻ : ആം ദാസൻ. 60/മെയിൽ/ ഫ്രാൻസ്‌. ബട്ട്‌ ആം എ മലയാളി


രവി : ഒ‍ാ.. ദാറ്റ്സ്‌ നൈസ്‌. കാൻ വീ ചാറ്റ്‌ ഇൻ മലയാളം.. ബികോസ്‌ എ ലൗവ്‌ മലയാളം


ദാസൻ : ഷുവർ. താങ്കളുടെ ഐഡി കണ്ടപ്പോൾ എനിക്കെന്റെ ഒരു പഴയ സുഹൃത്തിനെ ഓർമവന്നു.

രവി : അതാരാ..


ദാസൻ: സുഹൃത്ത്‌ എന്ന് പറയുമ്പോൾ ഒരു കാലത്ത്‌ ഞങ്ങൾ തമ്മിൽ വലിയ മൽസരമായിരുന്നു. പക്ഷെ, അത്‌ ആരോഗ്യകരമായിരുന്നു കേട്ടോ?


രവി : ദാസൻ .. താങ്കളുടെ നാടെവിടാ.. കേരളത്തിൽ..


ദാസൻ : തലശ്ശേരിക്കടുത്ത്‌. ഇന്നത്തെ മാഹി. പണ്ട്‌ മയ്യഴി എന്ന് പറയും


രവി : ഓ, ദാസാ.. ഇത്‌ ഞാനാടാ.. നിന്റെ പഴയ രവി.. നിനക്കോർമയില്ലേ എന്നെ.. ഖസാക്കിലെ രവി... അല്ല, നീ വെള്ളീയാങ്കല്ലിലെ തുമ്പിയായി....


ദാസൻ : ഞാൻ പറഞ്ഞില്ലേ.. നിന്റെ ഐ.ഡി കണ്ടപ്പോൾ തന്നെ എനിക്ക്‌ സംശയം തോന്നിയെന്ന്.. വെള്ളിയാങ്കല്ലിലെ തുമ്പിയായെന്നൊക്കെ മറ്റുള്ളവരുടെ തെറ്റിധാരണയായിരുന്നെടാ.. ഞാൻ വാസൂട്ടിയുടെ കൂടെ കപ്പൽ കയറിയതാ.. അല്ല.. എന്നെ മുകുന്ദേട്ടൻ തന്നെയാട്ടോ കയറ്റിവിട്ടത്‌.. മുകുന്ദേട്ടന്റെ സ്വാധീനമറിയാല്ലോ നിനക്ക്‌. അതുപയോഗിച്ച്‌ ഇവിടെ ഫ്രഞ്ച്‌ എംബസ്സിയിൽ ചെറിയൊരു ജോലി.. അങ്ങിനെ പോകുന്നു.. പിന്നെ എന്തൊക്കെയുണ്ടെടാ.. സുഖാണോ?


രവി : സുഖം.. എന്തൊന്ന് സുഖം.. പനിച്ച്‌ കുരച്ച്‌ അങ്ങിനെ പോകുന്നു.


ദാസൻ : ഹും.. ഞാൻ ഊഹിച്ചു. വിജയൻ സാർ മരിച്ചതിൽ പിന്നെ റോയൽറ്റി പണം പോലും നേരെ ചൊവ്വെ കിട്ടുന്നില്ലായിരിക്കും അല്ലേ..


രവി: ഹും.. റോയൽറ്റി.. നീ എന്താ ദാസാ, വിചാരിച്ചേ.. എന്റെ വിജയൻ സാറിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്നുപോലും എന്നെ അകറ്റി നിറുത്തി. പിന്നെയാ റോയൽറ്റി.. നിനക്കറിയാമോ, ഇന്നും ബെസ്റ്റ്‌ സെല്ലേറ്ഴ്സിൽ മൽസരം നമ്മൾ തമ്മിൽ തന്നെ.. അതിനിടയിൽ ആകെ ഉള്ളത്‌ ദസ്തയവ്സ്കിയും അന്നയും മാത്രമാ..


ദാസൻ: ഹും.. ഞാൻ അറിഞ്ഞു. ഏതോ ഒരു സിസ്റ്റരും കള്ളനും ലൈംഗീഗ തൊഴിലാളിയും നമുക്കൊപ്പം ഉണ്ടല്ലേ?


രവി : ഹാ.. അവരുടെയൊക്കെ ഇടയിൽ.... നിനക്കറിയാല്ലോ.. കാര്യം എന്തൊക്കെയാണേലും പണ്ടുള്ള ആ മത്സരത്തിനും ആ വീറിനും വാശിക്കുമൊക്കെ ഒരു അർത്ഥമുണ്ടായിരുന്നു..


ദാസൻ : ഹും.. ശരിയാ.. പക്ഷെ, മുകുന്ദേട്ടൻ കുറച്ചൊക്കെ മാറി കേട്ടോ.. അദ്ദേഹം അത്യാവശ്യം മാർക്കെറ്റിംഗ്‌ തന്ത്രങ്ങളൊക്കെ പയറ്റി തുടങ്ങി.. നീ കണ്ട്‌ കാണും..


രവി : ശരിയാ.. ആദ്യം തുടങ്ങിയത്‌ എന്റെ വിജയൻ സാർ തന്നെയാ.. നിനക്കോർമയില്ലേ. സാറിന്റെ തലമുറകളിൽ മദനൻ ചേട്ടൻ ആദ്യ 1000 കോപ്പിക്ക്‌ വ്യത്യസ്ത കവർ വരച്ചത്‌


ദാസൻ : ഹും.. അപ്പോൾ തന്നെയാണല്ലോ. .മുകുന്ദേട്ടൻ കേശവന്റെ വിലാപത്തിൽ ഇ.എം.എസ്‌ നെ ചെമ്പ്‌ തകിടിലേക്ക്‌ ആവാഹിച്ചത്‌. ഈയിടെ കക്ഷി പ്രവാസത്തിൽ വ്യത്യസ്തമായ 4 കവറുകൾ പരീക്ഷിച്ചെന്ന് കേട്ടു.


രവി : അന്ന് അതൊക്കെ എന്തൊരു പുകിലായിരുന്നു.. കാര്യം നമ്മോട്‌ ഭീമനും മൽസരിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ നിന്നോടായിരുന്നു കൂടുതൽ സ്നേഹം.. ഒരു രണ്ടാമൂഴക്കാരന്റെ സ്ഥാനമേ എന്നും ഞാൻ ഭീമനു കൊടുത്തിരുന്നുള്ളൂ..


ദാസൻ : അത്‌ നിന്റെ അമിതമായ ഗുരു ഭക്തി കാരണമാ.. പത്രങ്ങളിലൂടെയും മറ്റും വിജയൻ സാറിനെയും വാസുവേട്ടനേയും തേജോവധം ചെയ്യാനും ഉണ്ടായിരുന്നല്ലോ കുറേപേർ... എന്നാലും ഭീമനുമായുള്ള മത്സരത്തിനും പിന്നീട്‌ ദസ്തയവ്സ്കിയും അന്നയും വന്നപ്പോളും അതിനോക്കെ ഒരു അർത്ഥതലമുണ്ടായിരുന്നു അല്ലേ..


രവി : അതൊക്കെ പോട്ടെ.. നീ ഇപ്പോൾ എന്തോ ചെയ്യുകയാ.. ചന്ദ്രികയുടെ വിവരം വല്ലതും..


ദാസൻ: ഇല്ലെടാ.. അവളെ അന്ന് അവിടെ വിട്ട്‌ പോന്നതല്ലേ.. അവളും വെള്ളിയാങ്കല്ലിൽ പോയെന്നൊക്കെ മുകുന്ദേട്ടൻ ചുമ്മാ പറഞ്ഞതാ.. മുകുന്ദേട്ടന്റെ ഒരു സ്വഭാവം വച്ച്‌ അവളെ വേറെ അർക്കെങ്കിലും തുല്യം ചാർത്തിയിട്ടുണ്ടാകും.. എനിക്ക്‌ തോന്നുന്നു ആ അശോകനായിരുന്നു ആ ഭാഗ്യവാനെന്നാ.. പ്രവാസം കണ്ടില്ലേ നീയ്യ്‌..


രവി : ഇല്ലെട.. പഴയ പോലെ വായനയൊന്നും ഇല്ല..


ദാസൻ: വിശ്വസിക്കാൻ വയ്യെട.. അപ്പുക്കിളിക്കും അള്ളാപ്പിച്ച മൊല്ലാക്കകും മൈമൂനക്കും ഒക്കെ ഏറെ ഇഷ്ടമായിരുന്ന അവരുടെ രവിമാഷാണോ ഈ പറയണേ...?


രവി : എടാ. അതൊക്കെ പഴയ കാലം.. ഇപ്പോൾ ഒന്നിനും വയ്യ.. നിനക്കറിയോ ഞാൻ ഇന്ന് കുരച്ച്‌ ചുമച്ച്‌ ഒരു വൃദ്ധസദനത്തിലാ... കൊച്ചുവാവ പറഞ്ഞപോലെ "ഇറച്ചികോഴികൾ വിൽപനക്ക്‌" .. പക്ഷെ, എന്നിൽ ഇറച്ചി ഇല്ലാത്തതിനാൽ ആർക്കും വേണ്ടെടാ... എന്റെ പത്മക്ക്‌ പോലും...


ദാസൻ : ഒരു കണക്കിനു ഞാൻ അന്ന് അവിടം വിട്ടത്‌ നന്നായി അല്ലേ.. ഇവിടെ അത്രക്ക്‌ കുഴപ്പമില്ലെടാ.. കുറച്ച്‌ പ്രവാസികളുണ്ട്‌ ഇവിടെ.. അവർ ഇടക്ക്‌ നോസ്റ്റാൾജിയ എന്നും മണ്ണിന്റെ മണമെന്നും ഒക്കെ പറഞ്ഞ്‌ ഒ‍ാരോ സാഹിത്യസമാജങ്ങൾ നടത്തും.. പ്രസംഗങ്ങളാടാ സഹിക്കാൻ പറ്റാത്തെ. .എന്നാലും ഭക്ഷണം കിട്ടുമല്ലോ എന്നോർക്കുമ്പോൾ ചെല്ലുമെടാ.. പക്ഷെ ഒരിക്കൽ എനിക്ക്‌ സഹിക്കാൻ കഴിഞ്ഞില്ലെടാ.. ഒരുവൻ പ്രസംഗത്തിൽ നിന്നെയും വേറെ ഏതോ ഒരു പെണ്ണിനെയും കൂട്ടി പറയുന്ന കേട്ടപ്പോൾ വായിലേക്ക്‌ വച്ച കോഴിക്കാലു വലിച്ചെറിഞ്ഞ്‌ ഞാൻ ഇറങ്ങി പോന്നു. നിന്റെ ഒപ്പം പത്മയല്ലാതെ വേറെയൊരു പെണ്ണിനെ സങ്കൽപ്പിക്കാനാവോടാ.. പക്ഷെ, വിശപ്പ്‌ അതൊരു പ്രശ്നമല്ലേടാ.. പിന്നെ, പഴയ വിപ്ലവം ഒന്നും ഇന്ന് നടക്കില്ലല്ലോ?


രവി : എടാ.. നിനക്കറിയോ.. ഖസാക്കിന്റെ രജതജൂബിലി പോലും എന്നെ അറിയിച്ചില്ല.. ഒരു വഴിപോക്കനെ പോലെ ഞാൻ ഒളിച്ചിരുന്നാ അതൊക്കെ കണ്ടെ.. അത്‌ വച്ച്‌ നോക്കുമ്പോൾ പ്രവാസികൾ നിന്നെ വിളിക്കുന്നെങ്കിലുമുണ്ടല്ലോ..

ദാസൻ: രവി... നിന്റെ ആരോഗ്യം.. പണ്ട്‌ കുറെ നടന്നും വായിച്ചും ഒച്ചവെച്ചും നീ അത്‌ നശിപ്പിച്ചതാണല്ലോ? ഇപ്പോൾ എങ്ങിനെയുണ്ട്‌..


രവി: ആർക്കുവേണ്ടി ഞാൻ എന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണം.. എല്ലാം പോയി ദാസാ. എല്ലാം. ആദ്യം അമ്മ വിട്ടുപോയി.. പിന്നെ ചുമച്ച്‌ കുരച്ച്‌ ജടപിടിച്ച ഈ ജന്മത്തെ ഉപേക്ഷിച്ച്‌ നേരത്തെ നീ പറഞ്ഞ പത്മ പോയി.. അങ്ങിനെ ഓരോരുത്തർ.. ഹാ.. ഇപ്പോളുള്ളത്‌ പഴയ രവിയുടെ പ്രേതമാ.. കണ്ണോക്കെ കുഴിഞ്ഞ്‌..


ദാസൻ : നീ പോരുന്നോ എന്നോടൊപ്പം.. അത്യാവശ്യം നിന്നെ പോറ്റാനുള്ള കഴിവൊക്കെ ഇന്നും എനിക്കുണ്ടെടാ..

രവി : വേണ്ട ദാസാ.. പണ്ട്‌ നീവെള്ളീയാങ്കല്ലുകളെ ചുറ്റിപറക്കുന്ന തുപിയായെന്ന് ഓർത്ത്‌ ഞാനും ഒത്തിരി കരഞ്ഞതാ.. എപ്പോൾ സന്തോഷമായെടാ. നീ ജീവനോടെയുണ്ടല്ലോ? പക്ഷെ, എനിക്ക്‌ കഴിയില്ലെടാ ഈ ഖസാക്കിനെ വിട്ട്‌ പിരിയാൻ.. ഈ പൊടിക്കാറ്റും നരച്ച ആകാശവും പനങ്കാടും അതൊക്കെ തന്നെ മതി ഈ രവിക്ക്‌...


ദാസാൻ : എടാ..


രവി : വേണ്ടടാ.. ഇനിയും പറഞ്ഞാൽ ഒരു പക്ഷെ ഞാൻ കരയും.. പക്ഷെ, ഒന്നുണ്ട്‌. ഇന്നും നമ്മെയൊക്കെ സ്നേഹിക്കുനവർ ഈ മണ്ണിലുണ്ടെടാ... നിന്നെയും എന്നെയും.. നമ്മുടെ അപ്പുക്കിളിയേയും, അള്ളാപ്പിച്ചയേയും.. ദാമു രൈറ്ററെയും, നിന്റ്‌ ചന്ദ്രികയേയും..എന്റെ.. എന്റെ പത്മയെയും.. നിനക്കറിയോ ഇന്ന് ഏതാണ്ട്‌ പഴയ അൽഫോൺസച്ചന്റെ അവസ്ഥയാ എനിക്ക്‌.. പിള്ളാർക്ക്‌ ഒരു കൗതുക വസ്തു.. അതൊക്കെ അങ്ങിനെ തന്നെ പോട്ടെ.. ഒറ്റ ആഗ്രഹമേ ഉള്ളൂ.. ഈ ഖസാക്കിന്റെ മണ്ണിൽ തന്നെ മരിച്ച്‌ വീഴണം.. പഴയ സ്കൂൾ കെട്ടിടം പുതിയ ഫ്ലാറ്റ്‌ കെട്ടാൻ പൊളിച്ചതു കാരണം ഇപ്പോൾ അവിടേക്കും പോകാറില്ല.. ഈ വൃദ്ധസദനത്തിന്റെ ഇരുളിൽ... എടാ.. ഞാൻ നിരുത്തട്ടെ.. കണ്ൺ മൂടൻ തുടങ്ങി.. പ്രായമായില്ലേ.. വെള്ളെഴുത്തുണ്ട്‌.. ഇതിപ്പോൾ സർക്കാരിന്റെ അക്ഷയ പദ്ധതി കാരണം ഇന്റർനെറ്റിൽ കയറി നിന്നെ വീണ്ടും കണ്ടു.. ഒരിക്കലും ഇനി കാണാൻ പറ്റുമെന്ന് കരുതി യതല്ല.. പോട്ടെടാ...


ദാസൻ : ശരി രവീ.. എപ്പോളെങ്കിലും കാണാടാ..


രവി : ഹും.. എനിക്കിപ്പോൾ എത്രയും വേഗം എന്റെ വിജയൻ സാറിന്റെ അരികിൽ എത്തണമെന്നേ ഉള്ളൂ..

ദാസൻ : ഹേയ്‌ .. നിനക്ക്‌ മരണമില്ലെടാ.. നീ എന്നും ജീവിക്കും.. ഖസാക്കിനു മരണമോ.. പാടില്ല.. ഒരു സിസ്റ്റർക്കോ ഒരു കള്ളനോ തകർക്കാനാവില്ല നിന്നെ.... നന്മകൾ നേരുന്നു... എടാ, ഞാനും പോട്ടെ.. പഴയ പോലെ എനിക്കും പറ്റുന്നില്ല.. പഴയ വിപ്ലവ വീര്യമൊക്കെ പോയി.. ഞാനും കരഞ്ഞുപോകുമെടാ..


രവി : ശരിയെടാ.. പ്രാർത്ഥിക്കാം.. ഇവിടെ അത്താഴത്തിനുള്ള മണിയടിച്ചു.. ഇപ്പോൾ ചെന്നില്ലെങ്കിൽ ഇനി നാളെ ഉച്ച വരെ പട്ടിണിയാവും.. വിശപ്പുണ്ടായിട്ടല്ല.. എന്തോ.. നീ പറഞ്ഞപോലെ മരിക്കാൻ തോന്നുന്നില്ലെട.. അതിനല്ലല്ലോ വിജയൻ സാർ എന്നെ പഠിപ്പിച്ചേ.. ഞാൻ പോകുന്നു..


രവി സൈൻ ഔട്ട്‌ ആയതും നോക്കി ഒരു നിമിഷം കൂടി ദാസൻ ഇരുന്നു.. അവന്റെ കണ്ണൂകളും മൂടി തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണൂകളോടെ കഫെയുടെ പുറത്തിറങ്ങുമ്പോൾ ഒരു തുടാം കള്ള്‌ കിട്ടിയിരുന്നെങ്കിൽ എന്ന് ദാസൻ വെറുതെ കൊതിച്ചിട്ടുണ്ടാവണം... പ്രോഫിബിഷൻ ബാധിക്കാത്ത പഴയ ഉണ്ണിനായരുടെ കള്ള്‌ ഷാപ്പ്‌ തേറ്റി ഒരിക്കൽ കൂടി ദാസൻ മയ്യഴിയിലേക്ക്‌ വന്നെങ്കിൽ.. ആ പഴയ വഴിയമ്പലത്തിലേക്ക്‌...


Read more...

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല

Read more...

ഇനിയും പാടിടാം...

ഉറങ്ങുവാനാകാതെ
പിടയുമെൻ മനസ്സിനെ
താരാട്ടുമായ് ഉറക്കീടുവാൻ
എന്നോമലിന്നു വരുവതില്ലേ

നീല നിലാവൊന്നു തെളിഞ്ഞപ്പോൾ
കാതരയായ് പാടിയ കിളിയെവിടെ
നിശീഥിനി തൻ നിശ്ശബ്ദതയിൽ
കാതോർത്തു ഞാൻ കാത്തിരിപ്പൂ

പാടുവാൻ നീയിന്നു മറന്നു പോയോ
പാട്ടുകളിനിയും പാടുവതില്ലേ
കുളിരേകും പുതുമഴയിലിനിയും
മനമൊന്നായലിഞ്ഞു പാടിടാം

ഋതുക്കൾ വഴിമാറി പോകവേ
താളം പിഴക്കാതെ പാടിടാം
മൂക സങ്കല്പ ധാരയിലെന്നും
ഈ ശോകം മറന്നു പാടിടാം

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP