നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും

  © Blogger template Shush by Ourblogtemplates.com 2009

Back to TOP