നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?











റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

നീയണയുകില്ലേ...

മാഞ്ഞുപോകുമൊരു മാരിവില്ലായ് മറയാതെ
പുലരൊളിയേകും സൂര്യനായ് തീരുകില്ലേ
തകർത്തുപെയ്യും പേമാരിയാവാതെ
നനുത്ത ചാറ്റൽ മഴയായ് തഴുകില്ലേ

ഇളകി മറിഞ്ഞൊഴുകും പുഴയായ് മാറാതെ
പനിനീരുപോലുള്ള അരുവിയായ് ഒഴുകില്ലേ
താമരയിലയിൽ തുളുമ്പും ജലത്തുള്ളിയാകാതെ
പുൽ ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയായ് തണവേകില്ലേ

കനവിൽ നിറയും ആർദ്രതയാകാതെ
നിനവിൽ തെളിയും സ്നേഹമായ് വരുകില്ലേ
പ്രിയമേറുന്നൊരു സ്വപ്നമായ് തെളിയാതെ
പ്രണയമേകുന്നൊരു സ്പന്ദനമായ് തുടിക്കുകില്ലേ

ദിനങ്ങളേറെ കൊഴിഞ്ഞു പോയെന്നാലും
ജന്മാന്തരങ്ങളിലൂടെ അരികത്തണയുകില്ലേ
ഇനിയും അണയാത്ത മോഹമായ് തളരാതെ
തെളിയുന്ന ഉയിരുമായ് അരുകിലണയുകില്ലേ

കൺചിമ്മാതെ...

നീലവാനിൽ മേഘത്തേരുകൾ പാഞ്ഞിടുമ്പോൾ
സാന്ധ്യതാരകം കൺചിമ്മിയതെന്തേ
വിളക്കുവയ്ക്കുവാനെത്തിയ ദേവസുന്ദരികൾ തൻ
പുഞ്ചിരിയിൽ കണ്ണുകളഞ്ചിയതോ

കളിവാക്കു ചൊല്ലുവാൻ അരികിലെത്തും
തിങ്കൾ കിടാവിനെ കണ്ടതിനാലോ
കളകളം പൊഴിക്കുന്നൊരീ കായൽതിരകളുടെ
നൂപുരധ്വനി കേട്ടതിനാലോ

കഥകളിലൂം കവിതയിലും നിറയുന്ന
നിളയുടെ നെടുവീർപ്പുകൾ അറിഞ്ഞതിനാലോ
തുഞ്ചൻ പറമ്പിലെ കിളിതത്ത തൻ
സ്വരരാഗ സംഗീതം കാതിലിമ്പമായ് തീർന്നതിനാലോ

ഇരുളിൻ യാമങ്ങളിൽ ഉയർന്നു കേട്ടൊരു നിലവിളി
ബധിര കർണ്ണങ്ങളിൽ അലിഞ്ഞില്ലാതായതിനാലോ
പിടഞ്ഞു പോയൊരു ജീവന്റെ തുടിപ്പുകൾ
നിലച്ചുപോയതറിഞ്ഞതിനാലോ

നിസംഗതയാൽ പൊലിഞ്ഞു പോയൊരു ജീവനായ്
ഇനിയൊരു ജീവനെ നഷ്ടമാക്കാതെ
ഇനിയും കണ്ണിമയൊന്നു ചിമ്മാതെ
കാവലായ് കാത്തിരിക്കുവതാണോ....

  © Blogger template Shush by Ourblogtemplates.com 2009

Back to TOP