വേഷപകര്‍ച്ച

മുത്തശ്ശി
മുത്തശ്ശി
കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി
ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി
കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി
ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി
കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു
നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്
കണ്ണുമിഴിപ്പൂ മുത്തശ്ശി
അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി
ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി
അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി
മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി
കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !
ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു
നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു
കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി
മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !
മരിച്ചവന്‍റെ കണ്ണീര്
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും
ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :
തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്
അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്
ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്
ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍
എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !
മരിച്ചവന്‍ കരയാതെന്തു ചെയ്യും
ഒരു കാഴ്ച്ച (കവിത)

നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !
ചുഴി
വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.
ഹൃദയമേ,
നിനക്കുമില്ലേ,
അതിലുമാഴമു
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.
ധ്രുവങ്ങള്‍
നിന്റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി
നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം
തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്
തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !
എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല
കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ് Read more...
പിടസ്വാതന്ത്ര്യം
പിടസ്വാതന്ത്ര്യം
ഇ.എ.സജിം തട്ടത്തുമല
ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം
കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി
പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി
ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും
മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !
വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല
ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല
ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം
റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ
തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !
ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !
നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും
കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി
നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’
എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചു “പിടപ്പൂവനെ”……!
(ശേഷം ചിന്ത്യം!)
Read more...കഴുകന്‍
മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്.
ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു
കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ
പ്രതീകം തന്നെ ഒബാമയും!
കഴുകന്‍
ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;
വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍
കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും
തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും
അമൃതും കൊണ്ടു വരുന്നവനല്ലവന്‍
അമരത്താകാന്‍ യത്നിപ്പോന്‍
അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍
ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍
യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍
വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ
വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!
ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ
ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !
ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.
കോള
കോള കുടിക്കാം
കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്. Read more...
ഉദരചിത്തം ...!!
ഇടവേള
ഇ.എ.സജിം തട്ടത്തുമല
ഇടവേള
നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാതെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!
ഹൃദയഭൂമി
ഇ.എ.സജിം തട്ടത്തുമല
ഹൃദയഭൂമി
മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;
കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !
കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !
മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!
ഏകം
![]() |
യേശുവിന്റെ വിലാപം
ഇത് ആദിയില്ഞാന് പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്റെ രക്തം, മാംസം.
ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ. Read more...
യോഗിയും ഭോഗിയും

പിടക്കോഴി കൂവി
പൂവങ്കോഴി മുട്ടയിട്ടു
യോഗി ഭോഗിയും
ഭോഗി യോഗിയുമായി.
എന്‍റെ യാത്ര !!
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍
ഇരുള്‍ മുറിയില്
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ നിഴല്‍
വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും ....
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും
മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍ ...
രാജേഷ് നായര്‍ Read more...
മാധ്യമപ്രവര്‍ത്തനം.

ചിത്രം : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ .
രചന : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ .
എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!
ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!
പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!
ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!
പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!
തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!
ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍ !
വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!
മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!
ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍ !
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!
സ്വപ്നം
ഒരുപാടുകാലം മോഹിച്ചോരായിരം-
കനവുമായി ഞാന്‍ കടല്‍ കടന്നു.
പണമാണ് ചിന്ത,
കൂട്ടിന്നോരായിരം സ്വപ്നങ്ങളും, ഒരു നിഴല്‍ പോലെ.
കാലം കഴിയുംകണക്കെ മാറുന്നു സ്വപ്നങ്ങള്‍.
ചിലപ്പോള്‍ പുറകിലും, ഒപ്പവും മുന്പെയും.
എന്കിലുമെനിക്കാവതില്ല ,
എന്‍റെ സ്വപ്നങ്ങളെ പുല്‍കുവാന്‍.
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
ഷമല്‍ ഷുക്കൂര്‍
Labels
- അനില്‍കുമാര്‍. സി. പി. (4)
- ഉമേഷ് പിലിക്കോട് (5)
- കഥ (6)
- കവിത (23)
- നീലച്ചന്ദ്രന്‍ (4)
- മനോരാജ് (3)
- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (4)
- വാര്‍ത്ത (3)
- സാമൂഹികം (2)














