Showing posts with label ഉമേഷ്‌ പിലിക്കോട്. Show all posts
Showing posts with label ഉമേഷ്‌ പിലിക്കോട്. Show all posts

നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?











റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...






* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

Read more...

രണ്ടെണ്ണം

ഒറ്റപ്പെടല്‍ 













അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!


ഇര പിടുത്തം 
 














എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...




പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

Read more...

പ്രണയാസ്തമയം















 
 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .

Read more...

വിശ്വാസം



 
 
 
 
 
 
 
 
 
 
 
 
വഴിയറിയാതെ  വന്ന  അപരിചിതന്  
വാക്കുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും
വഴി പറഞ്ഞു കൊടുക്കുമ്പോള്‍
അയാള്‍ എന്നില്‍ എന്തൊക്കെയോ പരതുകയായിരുന്നു !
നെറ്റിയില്‍  ഒരു  ചന്ദനപോട്ടു!!  ഒരു നിസ്കാര തഴമ്പ് !!
കഴുത്തില്‍ ഒരു കുരിശുമാല .........!!!

വഴി പറഞ്ഞു തീര്‍ന്നിട്ടും ,
അടയാളങ്ങള്‍ ഒന്നുമില്ലത്തവന്റെ  
വാക്ക് വിശ്വസിക്കുന്നതെങ്ങനെയെന്ന  ചോദ്യം
അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു നിന്നു.... !!

എന്റെ സുഹൃത്തും ,
SFI കാസര്‍ഗോഡ്‌  ജില്ലാ പ്രസിഡണ്ടുമായ  സഖാവ്   എം . സുമേഷ്  ന്റെ കവിതകളില്‍ ഒന്ന്
പ്രൊഫൈല്‍ ഇവിടെ

Read more...

മൂന്നു കുറിപ്പുകള്‍

മോഷണം 












എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം  
എന്നും ആരോ
കട്ടെടുക്കുന്നു.....

 കട്ടുറുമ്പ്









നിന്റെ ഓര്‍മ്മകളും
കട്ടുറുമ്പും ഒരു പോലെയാണ്
ചെറിയ ഒരു അവഗണന മതി
ദിവസങ്ങള്‍ നീളുന്ന
നീറ്റലുകള്‍ സമ്മാനിക്കാന്‍.......



പിന്കുറിപ്പ് :
 പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP