ചോര മണക്കുന്ന നാട്ടുവഴികള്‍ (ചെറുകഥ)



പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ  വീണു   കിട്ടിയ ഒരു ചെറിയ അവധിക്കാലം.

കാലത്തിന്റെ കുത്തൊഴുക്കിലും, ദ്രുതമാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ക്കിടയിലും പിന്നേയും പിന്നേയും ഈ നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്, വന്യമായൊരു ആസക്തി!

ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ആദ്യരാവിന്റെ ലഹരിയുടെ ആലസ്യം. ജനലഴികള്‍ക്കപ്പുറത്ത്, റബ്ബര്‍മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളുടെ കൂട്ടം. രാവിനെ കീറിമുറിച്ചു വരുന്ന ചീവീടുകളുടെ ശബ്ദത്തിനപ്പുറം താഴെ റോഡിലെ കലുങ്കില്‍ പാതിരാവും പകലാക്കി മാറ്റുന്ന ഏതെല്ലാമോ ചെറുപ്പക്കാരുടെ പൊട്ടിച്ചിരികളും, ആക്രോശങ്ങളും! പിന്നെ ഒന്നൊന്നായി അകന്നു പോകുന്ന മോട്ടോര്‍ സൈക്കിളുകളുടെ ശബ്ദം.

‘ആരാണ് ഇത്ര രാത്രിയായിട്ടും അവിടെ റോഡില്‍?’
ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് തടവിലാക്കി അവള്‍,
‘ഈ രാത്രി നമുക്ക് നമ്മളെക്കുറിച്ച് മാത്രം സംസാരിക്കാം, എന്താ?'
മുറ്റത്തെ പ്ലാവിന്റെ ഇലകളില്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ഉറക്കം മുറിച്ചത്. ഉമ്മറത്തെ ചാരുകസേരയില്‍ കര്‍ക്കിടകം പെയ്തൊഴിയുന്നതും നോക്കിയിരുന്നു. പേപ്പറുകാരന്‍ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ വര്‍ത്തമാനപത്രത്തില്‍ സംഘര്‍ഷവും, അറസ്റ്റും, നിരോധനവും ഒക്കെയായി പതിവ് വാര്‍ത്തകള്‍ തന്നെ!
‘അല്ലാ, ചന്ദ്രനിതെപ്പോള്‍ വന്നു?’

ഗേറ്റിനരികില്‍ വാര്യര്‍ മാഷുടെ മുഴങ്ങുന്ന ശബ്ദം. അങ്ങോട്ട് നടന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മാഷ് ഏറെ പ്രായമായിരിക്കുന്നു. തലമുടിയൊക്കെ പഞ്ഞിക്കെട്ട് പോലെ. വെളുത്ത ഖദര്‍ ജൂബക്കും, മുണ്ടിനും, ഷാളിനും ഒരു മാറ്റവുമില്ല.
‘മാഷിതെങ്ങോട്ട് പോകുന്നു?’
‘ഒന്നും പറയെണ്ടെന്റെ കുട്ടീ, അതൊക്കെ പിന്നെ പറയാം. തനിക്ക് സുഖമല്ലേ?’
മറുപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ മാഷ് മുന്നോട്ട് നടന്നു.
അപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്.
‘വലിയ കഷ്ടമാ ഈ മാഷിന്റെ കാര്യം. പെന്‍ഷന്‍ കിട്ടിയ കാശെല്ലാം കൊണ്ട് മൂത്ത മോളേ കെട്ടിച്ചു. ഇളയ കൊച്ചിനെ കെട്ടിക്കാന്‍ വീടും പറമ്പും ഒക്കെ പണയം വച്ചു. ഭാര്യയാണെങ്കില്‍ നിത്യ രോഗിണിയും. പലിശക്കാരന്‍ വീടൊഴിഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞ് ഗുണ്ടകളെക്കൊണ്ട് ദിവസവും ശല്യപ്പെടുത്തുകേം.ഇപ്പോള്‍ സൊസൈറ്റിയിലെങ്ങാണ്ട് കണക്കെഴുതാന്‍ പോന്നൊണ്ട്.’
പണ്ട് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ പുരാണകഥകളോടൊപ്പം, എല്ലാ മതങ്ങളും ദൈവങ്ങളും സ്നേഹം തന്നെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത വാര്യര്‍ മാഷ്!
വൈകുന്നേരം പുറത്തൊക്കെയൊന്ന് ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’
‘പിന്നേ, ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെയീ നാടിനെ നീ വേണോ എനിക്ക് പരിചയപ്പെടുത്താന്‍‘ എന്ന് ഒരു ചിരിയിലൊതുക്കി മുന്നോട്ട് നടന്നു.
നാലും ചേരുന്ന മുക്ക്, സ്ഥലത്തെ അങ്ങാടി, ആകെ മാറിയിരിക്കുന്നു. ശങ്കരേട്ടന്റെ മാടക്കട നിന്ന സ്ഥലത്ത് ഒരു രണ്ട് നിലക്കെട്ടിടം. ഷട്ടറിട്ട ഒരു മുറിയില്‍ ഇപ്പോഴും ശങ്കരേട്ടന്റെ ഏറെ വളര്‍ന്ന കട.അടുത്തൊക്കെ മറ്റ് പുതിയ കടകള്‍. രണ്ടാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനം. പുതിയ ഓട്ടോ സ്റ്റാ‍ന്‍ഡ്. വഴിയുടെ അങ്ങേ വശത്ത് സൊസൈറ്റിയുടെ ഓഫീസ്സ് കെട്ടിടം.
ശങ്കരേട്ടന്‍ സ്നേഹത്തോടെ ഉള്ളിലെക്ക് ക്ഷണിച്ചു.അവിടുത്തെ സോഡാ നാരങ്ങാവെള്ളത്തിന് ഇപ്പോഴും പഴയ സ്വാദ്!
സംസാരിച്ചിരിക്കുന്നതിനിടയില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പട പട ശബ്ദത്തോടെ കടയുടെ മുന്നില്‍ ഇരച്ച് നിന്നു. അതില്‍ നിന്ന് ചാടിയിറങ്ങിയ പയ്യന്‍ കടയിലേക്ക് വന്ന് ഒരു പാക്കറ്റ് സിഗററ്റെടുത്ത്, പോക്കറ്റില്‍ നിന്ന് ഒരു നോട്ട് വലിച്ചെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞ്‌ തിരിഞ്ഞ് നടന്നു. 21-22 വയസ്സുള്ള പയ്യന്‍, ജീന്‍സും ടീഷര്‍ട്ടും വേഷം, റെയ്ബന്‍ സണ്‍ഗ്ലാസ്സ്, കയ്യിലും കഴുത്തിലും വീതിയുള്ള സ്വര്‍ണച്ചെയിന്‍, മറ്റെക്കയ്യില്‍ പലതരത്തിലുള്ള ചരടുകള്‍, നെറ്റിയില്‍ നെടുകയൊരു കുങ്കുമക്കുറി. ബൈക്കിന്റെ പിന്നിലിരുന്നവനു കുറിയും, ചരടുമില്ല എന്ന വ്യത്യാസം മാത്രം!

‘ഇതേതാ ശങ്കരേട്ടാ ഈ പിള്ളാര്‍... ഇവരെന്താ ഇങ്ങനെ?
ശങ്കരേട്ടന്‍ നിസ്സംഗതയോടെ ഒന്ന് ചിരിച്ചു.
‘എന്ത് പറയാനാ ചന്ദ്രാ, അവന്മാരാ ഇപ്പോള്‍ ഇവിടുത്തെ രാജാക്കന്മാരും ഹീറോസും.ആ കേറി വന്നവനെ മനസ്സിലായോ?’

‘ഇല്ല’
‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’
കാണുമ്പോഴൊക്കെ, പഠിക്കാതെ വഴക്കാളിയായി നടക്കുന്ന മോനെക്കുറിച്ച് പറഞ്ഞ് ടീച്ചര്‍ കരയാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു. പണ്ട് കൊപ്രായെടുക്കാന്‍ വരുമ്പോഴൊക്കെ ഇക്കയുടെ കൂടെ ചിലപ്പോഴൊക്കെ വരുമായിരുന്ന നാണം കുണുങ്ങിയായ സുബൈര്‍ എന്ന കൊച്ചു പയ്യനേയും.
‘ഇവന്മാര്‍ക്ക് വേറേയും കുറെ കൂട്ടുകാരുണ്ട്, നമ്മുടെ പഴയ പലചരക്ക് കടക്കാരന്‍ ജോര്‍ജിന്റെ മോന്‍, കാളവണ്ടിക്കാരന്‍ ഹംസയുടെ മോന്‍, പിന്നെ എവിടുന്നൊക്കെയോ വരുന്ന കുറേ പിള്ളാരും’.

‘അല്ല ശങ്കരേട്ടാ, എന്താ ഇവരുടെ ജോലി?’
‘ഉം, ജോലി! ഇടക്കൊക്കെ ആരൊക്കെയോ വന്ന് വിളിച്ചോണ്ട് പോകുന്നതും കൊണ്ട് വിടുന്നതും ഒക്കെക്കാണാം. ക്വട്ടേഷന്‍ സംഘം എന്നൊക്കെ പറയുന്നു. ഏതായാലും കൈ നിറയെ കാശുണ്ട്. പിന്നെ ഇപ്പോള്‍ ടൌണിലെ ഏതോ പലിശക്കാരന്റെ ഗുണ്ടാപ്പണിയാണ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്!’

‘ഓഹ്, ഈ നാട്ടിന്‍പുറത്തും ക്വട്ടേഷന്‍ സംഘമോ ശങ്കരേട്ടാ?’
‘രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ. ഇടയ്ക്കെങ്ങാണ്ട് അത് ചോദിച്ചതിനു നമ്മുടെ പഞ്ചായത്ത് മെംബര്‍ ശങ്കരന്‍ങ്കുട്ടിസാറിന്റെ കാല് അവന്മാര് അടിച്ചൊടിച്ചു കളഞ്ഞു’.
അവിടെയുമിവിടെയും ചില പോസ്റ്റുകളിലെ വഴിവിളക്കുകള്‍ മെല്ലെ കണ്ണു ചിമ്മാന്‍ തുടങ്ങി. സൈസൈറ്റി പൂട്ടി വാര്യര്‍ മാഷ് മെല്ലെ റോഡിലേക്കിറങ്ങി. അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഏതാനം മോട്ടോര്‍ബൈക്കുകള്‍ റോഡിന്റെ അങ്ങേയറ്റത്ത് നിന്നും ഇരച്ച് വന്നത്. വാരിയര്‍ മാഷിന്റെ അടുത്തെത്തി അവ ടയറുകള്‍ വലിയ ശബ്ദത്തിലുരച്ച് ബ്രേക്കിട്ട് നിന്നു. പിന്നെ പടക്കം പൊട്ടുന്ന ശബ്ദവും, ചുറ്റുപാടും പുകയും.

ഒരു ബൈക്കിന്റെ പുറകിലിരുന്നവന്റെ കൈ ഉയര്‍ന്നു താണു. ലോഹത്തിളക്കം വായുവില്‍ മിന്നിമറഞ്ഞതിനോടൊപ്പം ഒരു ആര്‍ത്തനാദത്തോടെ മാഷ് മുന്നൊട്ട് വീണു!
‘അയ്യോ മാഷ്...!’
പുറത്തേക്ക് ഓടാനൊരുങ്ങിയ എന്നേ അകത്തേക്ക് തന്നെ പിടിച്ച് ശങ്കരേട്ടന്‍ ഷട്ടര്‍ വലിച്ചു താഴ്ത്തി.
‘വേണ്ടാ കുട്ടീ, വേണ്ടാത്തതിലൊന്നും ചെന്ന് ചാടണ്ട!’

കുറച്ച് സമയത്തിനുള്ളില്‍ പുറത്ത് പോലീസ് വാഹനങ്ങളുടേയും മറ്റും ശബ്ദം. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ പുറത്തിറങ്ങി. വേഗം വീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പോലീസുകാര്‍ ആരുടെയൊക്കെയോ മൊഴി എടുക്കുന്നുണ്ടായിരുന്നു.
ടി. വി. യുടെ മുന്നില്‍ ഭാര്യയും അമ്മയും റിയാലിറ്റിഷോയേക്കുറിച്ച് ഗൌരവമായ ചര്‍ച്ച! അപ്പോഴും അമ്പരപ്പ് മാറത്ത മനസ്സുമായി ടി. വി. യില്‍ നോക്കിയിരിക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് ... റിട്ടയേര്‍ഡ് അധ്യാപകനു  നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... ഈ തീവ്രവാദികളെ ഒരു സമുദായനേതൃത്വം സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.... ആക്രമണത്തില്‍ പ്രതിഷേധിച്ച് മറുപക്ഷം നാളെ ഹര്‍ത്താല്‍ നടത്തുന്നു ...!!

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

ഉമ്മുഫിദ  – (September 27, 2010 at 1:49 AM)  

eshuthu nannaayirikkunnu.


www.ilanjipookkal.blogspot.com

ഗോപി വെട്ടിക്കാട്ട്  – (September 27, 2010 at 5:08 AM)  

നാടിന്റെ ഇന്നത്തെ നേര്‍ക്കാഴ്ചകള്‍
മനോഹരമായി ഈ കഥയില്‍ വരച്ചിട്ടിരിക്കുന്നു ....
നന്നായി അനില്‍ ....
ആശംസകള്‍

lekshmi. lachu  – (September 27, 2010 at 8:54 AM)  

ഇന്നത്തെ നേര്‍ക്കാഴ്ചകള്‍ ..നന്നായി ആശംസകള്‍ .

Typist | എഴുത്തുകാരി  – (September 28, 2010 at 6:26 AM)  

ഇതു ഞാൻ വായിച്ചിരുന്നല്ലോ. കമെന്റും ഇട്ടിരുന്നു. അതെവിടെയായിരുന്നു? വേറെ എവിടെയെങ്കിലും പോസ്റ്റ് ചെയ്തിരുന്നോ?

അനസ്‌ മാള  – (September 28, 2010 at 10:43 AM)  

നാടിനെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസമായി നല്ലൊരു കാലം വരട്ടെ!

അനില്‍കുമാര്‍ . സി. പി.  – (October 1, 2010 at 7:17 AM)  

വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

എഴുത്തുകാരി: എന്റെ ബ്ലോഗില്‍ http://manimanthranam.blogspot.com ഉണ്ടായിരുന്നു.

Satheesh Haripad  – (February 20, 2012 at 5:03 PM)  

ഇന്നത്തെ പലനാടുകളുടേയും നേർക്കാഴച തന്നെയാണിത്. കഴിഞ്ഞവർഷം നാട്ടിൽ പോയപ്പോൾ ഏതാണ്ടിതുപോലെയൊരു അനുഭവം ഉണ്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കളെ പലരേയും ഇന്നത്തെ കൊട്ടേഷൻ സംഘങ്ങളായി കണ്ടപ്പോൾ മനസ്സൊന്ന് വിങ്ങി. പക്ഷെ അവർ അവരുടേതായ ഒരു ലോകത്താണല്ലോ അവിടെ സൗഹ്ര്ദങ്ങൾക്കെന്തു പ്രസക്തി?

മനോഹരമായി എഴുതി
ആശംസകളോടെ
satheeshharipad.blogspot.com

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP