മധു നിറഞ്ഞൊരു പൂക്കാലം...

പുലർകാല മഞ്ഞുതുള്ളിയേന്തി
വിരിഞ്ഞു നില്ക്കും മലരേ
നിന്നുടെ പൂന്തേൻ നുകരുവാൻ
മധുപനിങ്ങു വന്നു ചേർന്നുവോ

വെയിലേറ്റു കൊഴിഞ്ഞുവീഴും പൂവേ
നിന്നിലെ മധുവെല്ലാം തീർന്നതല്ലേ
വിടരും മുമ്പേ പുഴുക്കുത്തേറ്റ മുകുളമേ
നീ വിടരാതെ തന്നെ കൊഴിയുകയല്ലേ

വിടർന്നു നിന്നാൽ നിന്നെ
തേടിയെത്തും വണ്ടുകൾ
കൊഴിയുകയാണെങ്കിൽ
നിനക്കായ് പാറുകയില്ലീ ചിറകുകൾ

വിടരാതെ കൊഴിയുമീ ജന്മതിൻ
നൊമ്പരമറിയാതെ പാറി പോകും കരിവണ്ടേ
നല്കുവാനാകുമോ നിനക്കിനിയും
മധു നിറഞ്ഞൊരു പൂക്കാലം...

Read more...

പ്രണയമഴ


നിന്‍റെ മന്ദസ്മിതങ്ങളില്‍ ,

ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ക്കൊരായിരം -
വര്‍ണങ്ങള്‍ നല്‍കുവാന്‍,
എന്‍ ഹൃത്തടത്തില്‍ ഞാന്‍ -
കരുതിവച്ചോരിത്തിരി മോഹങ്ങള്‍.

നട്ടുനനയ്ക്കുവാന്‍, നിന്‍റെ -
പ്രണയമഴ കാത്തിരുന്നെന്‍ ഹൃത്തടം.
കാര്‍മേഘമായിട്ടൊരുനാള്‍,
പ്രതീക്ഷകള്‍ തലോടി നീ നിന്നിരുന്നു.
എങ്കിലും അദൃശ്യനാം മാരുതന്‍-
ഗതി മാറ്റിവിട്ടെന്റെ പ്രണയമഴയെ.

ഇന്നെന്‍റെ കണ്ണുനീരഗ്നിയായ്,
പെയ്തൊരെന്‍ ഹൃത്തടത്തില്‍.
കരിഞ്ഞിടുന്നു, സ്വര്‍ണവര്‍ണങ്ങളാല്‍-
ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കെയും..

Read more...

തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...

രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും.
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
Publish Post

Read more...

ഓണം... പൊന്നോണം!!! (ചെറുകഥ)

 
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു  പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.


Read more...

തര്‍പ്പണം

വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.

കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?

Read more...

ഓണമായ്...

പൂപ്പൊലി പാട്ടുകളുമായി
പൂപ്പാലികകളുമായി
പൂവാടികളിലൂടെ പാറി നടന്നു
പൂക്കളായ പൂവുകൾ നുള്ളിയെടുക്കാം

മണിമുറ്റം ചെത്തി മിനുക്കി
പൂത്തറ കെട്ടിയൊരുക്കി
അത്തം മുതൽ പത്തു ദിനവും
പൂക്കളമൊരുക്കീടാം

ഓണക്കോടിയുടുത്തൊരുങ്ങി
നാക്കിലയിട്ടു സദ്യയൊരുക്കി
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല കെട്ടി
കൂട്ടരോടൊത്തു ആയത്തിലൂയലാടാം

Read more...

ഹൃദയഭൂമി

ഇ.എ.സജിം തട്ടത്തുമല

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

Read more...

മിനിമേനോന്റെ പുസ്തകപ്രകാശനം


പ്രിയ സുഹൃത്തുക്കളെ ....

നമ്മുടെ കൂട്ടായ്മയിലെ അംഗമായ ശ്രീമതി മിനി മേനോന്റെ [രുഗ്മിണി ചേച്ചി] കവിതാസമാഹാരം 'തുമ്പപ്പൂവ്' നാളെ [ഓഗസ്റ്റ്‌-15 ,ഞായര്‍] രാവിലെ പതിനൊന്നു മണിയ്ക്ക് ശ്രുതിലയം മുംബൈയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂനയില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുന്നു . ശ്രീമാന്‍ പി.സി.നമ്പ്യാര്‍ പ്രകാശന കര്‍മ്മം നിര്‍വഹിയ്ക്കും അനന്തരം ശ്രുതിലയം മോഡിയായ ആശിഷ് മുംബൈ പുസ്തകം ഏറ്റുവാങ്ങുന്നതായിരിയ്ക്കും .മുഖ്യധാരയിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രം അനുദിനം പ്രകാശനം നടക്കുന്ന അവസരത്തില്‍ പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്ത്തുന്ന ഇത്തരം കര്‍ത്തവ്യങ്ങളിലൂടെ ശ്രുതിലയം മുംബൈയൂണിറ്റ് സുപ്രധാനമായ ഒരു കാല്‍വയ്പ്പാണ് നടത്തിയിരിയ്ക്കുന്നത് .ഈ അവസരത്തില്‍ കവയിത്രിയ്ക്ക് നൂറു നൂറു ആശംസകള്‍ ശ്രുതിലതിന്റെ പേരിലും സ്വന്തം പേരിലും നേരുന്നതിനോടൊപ്പം ഡിസൈനിംഗ് ,പ്രിന്റിംഗ് ,പ്രകാശനം മുതലായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന നമ്മുടെ മോഡിമാരായ രാജേഷ് മുംബൈ ,ആശിഷ് മുംബൈ എന്നിവരെ അഭിനന്ദിയ്ക്കാനും ഈ അവസരം ഞാന്‍ നീക്കിവയ്ക്കുന്നു . മിനി ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും പുസ്തകത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ...

Read more...

രമ്യ സ്പര്‍ശമായി


വയിത്രി രമ്യാആന്റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു . അര്‍ബ്ബുദം കീഴ്പെടുത്തുമ്പോഴും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിന് സുഹൃത്തുക്കളുടെയും പിന്തുണയോടെ കവിതകളിലൂടെ ലോകത്തോട്‌ സംവദിച്ച രമ്യാ ആന്റണി ഓഗസ്റ്റ്‌ 6 ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മരണപ്പെടുകയായിരുന്നു . രമ്യയുടെ ചികിത്സയ്ക്കും ആശുപത്രിയിലെ പരിചരണങ്ങള്‍ക്കുമായി ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ സജീവമായിരുന്നു . രമ്യയുടെ കവിതകള്‍ക്ക് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദൃശ്യഭാഷ്യമൊരുക്കിയിരുന്നു . ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തുചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി.കെ.ജോസഫ്‌ ,കവി ഡി .വിനയചന്ദ്രന്‍ , ഡോ .പി.എസ്. ശ്രീകല , കെ.ജി.സൂരജ് (കണ്‍വീനര്‍ ഫ്രണ്ട്സ് ഓഫ് രമ്യ), സന്ധ്യ .എസ്.എന്‍, അനില്‍ കുര്യാത്തി , തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. രമ്യയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു . ഡോ. ടി.എന്‍. സീമ എം.പി , കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി . രാജീവന്‍ സ്വാഗതവും ഷാന്റോആന്റണി നന്ദിയും പറഞ്ഞു . രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം ‘സ്പര്‍ശ’ത്തിന്റെ പ്രസാധനം . രമയുടെ പേരില്‍ ‍, എസ്.എസ്.എല്‍.സിയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ്ക്കുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് പതിനായിരം രൂപയുടെ വിദ്യാഭ്യാസ അവാര്‍ഡ്‌ , രമ്യാ ആന്റണി കവിതാ പുരസ്കാരം , രമ്യ ചീഫ് എഡിറ്റര്‍ ആയി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക ലിഖിതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ,രമ്യയുടെ സ്വപ്നമായ , കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സംഘടന എന്നിവ ഫ്രണ്ട്സ് ഓഫ് രമ്യയുടെ ആഭിമുഖ്യത്തില്‍ നടക്കും .കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ ,നവാസ് തിരുവനന്തപുരം ,രാജേഷ്‌ ശിവ എന്നിവര്‍ നേതൃത്വം നല്‍കി .

Read more...

പ്രണയാസ്തമയം















 
 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .

Read more...

ശ ല ഭാ യ നം

ശലഭായനത്തിന്‍റ ചിറകടര്‍ന്നല്ലൊ.
ചിലയോര്‍മ്മ മാത്രം എനിക്കു നല്കി
തിരികെ നീ പാറിപ്പറന്നു നീങ്ങി.
എന്തിനായ് നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്തിനായ് നീ യെന്റെ മനം കവര്‍ന്നു.
എത്രെയോ ജന്മങ്ങളൊത്തു കഴിഞ്ഞപോല്‍
മാത്രനേരം കൊണ്ടു മനംകവര്‍ന്നു.
അകലെ നീ യൊളിച്ചോരാ നാട്ടില്‍ ഞാനും
അറിയാതെ യൊരുനാളില്‍ എത്തിടുമ്പോള്‍
എഴുതീ നീയരികത്തുവെച്ചൊരാകവിതകള്‍
മിഴിനീരുകൊണ്ടു ഞാന്‍ മിഴിവു നല്‍കാം
ഒന്നെടു ത്തെരെന്‍ മടിത്തട്ടിലിട്ടു നിന്നെ
ഒരു നൂറൂ മുത്തങ്ങള്‍ നല്കിപൊതിയാം
മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം

Read more...

ശലഭം യാത്രയായി...

നമ്മുടെ പ്രിയ്യപ്പെട്ട രമ്യആന്റണി നമ്മെ വിട്ടുപോയി.. ഇന്ന് പുലര്‍ച്ചെ 2 .30 നു ആയിരുന്നു അന്ത്യം . ആദരാഞ്ജലികള്‍കള്‍ക്കപ്പുറം എന്തെങ്കിലും പറയാന്‍ കഴിയുന്നില്ല . കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇത്രവേഗം ഒരു വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല .ആ ശലഭത്തിന്റെ
ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണുനീര്‍ പൊഴിയ്ക്കുന്നു. രമ്യയുടെ ആത്മശാന്തിയ്ക്കായി എന്നും പ്രാര്‍ത്ഥനയുണ്ട് .























"വരുമൊരിയ്ക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി .....
മനസ്സും ആത്മാവും നിന്നെ ഏല്‍പ്പിച്ചു വെറും
ജഡമായി ....

ചുറ്റുമുള്ളതൊന്നും കാണാതെ കേള്‍ക്കാതെ
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിയ്ക്കാതെ ...
പ്രതീക്ഷിയ്ക്കുവാന്‍ ഏതുമില്ലാതെ ...
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ ......

നീ ഒന്ന് വേഗം വന്നുവെങ്കില്‍...!!!" : രമ്യ


രമ്യയ്ക്ക് ശ്രുതിലയം ബ്ലോഗിന്റെ ആദരാഞ്ജലികള്‍ ...

Read more...

എന്റെ പ്രണയ മഴ...!


മഴ ,..
മത്തുപിടിപ്പിക്കുന്ന
ഒരു സ്വപ്നമാണെന്നും .
പ്രവാസത്തിലെ മഴയോര്‍മ്മകള്‍...;

മഴ അവള്‍ക്ക് ജീവനാണ്
മഴയുള്ള ചില രാത്രികളില്‍
പനിച്ചു വിറയ്‌ക്കുമ്പോഴും
ജാലകം തുറന്നു
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്തിരിക്കാറുണ്ട്

ആ സ്നേഹ സംഗീതത്തിന്
നിറം പകരുവാന്‍
അവളെന്നെ വിളിക്കുമായിരുന്നു.....

ഒരിക്കല്‍ മാത്രമറിഞ്ഞ
അവളുടെ നനുത്ത
ചുംബനത്തിന്റെ
കുളിരിലേക്കാണ് അതെന്നെ
കൊണ്ട്പോകാറ്‌...

അവളുടെ അരികിലെക്കെത്തുന്നതും
നനഞ്ഞുകിടക്കുന്ന വയല്‍വരമ്പിലൂടെ
കൈകോര്ത്തു് നടക്കുന്നതും
ഒരുമിച്ച് നനയുന്നതും
സ്വപ്നം കാണാറുണ്ട്‌ ഞാന്‍ .


മനസ്സില്‍ ഒരിക്കലും
തോരാതെ പെയ്യുന്ന മഴ..,
രൌദ്രഭാവം ഒരിക്കലുമറിയാത്ത
എന്റെ പ്രണയ മഴ...!

ഷാജി രഘുവരന്‍

Read more...

പ്രണയമായ്....

വിടരും മോഹമായ്
ഉണരും താളമായ്
ഉയരും ഗാനമായ്
നീയെന്നിൽ നിറയവേ

വിടരാത്ത പൂവിൻ മധു പോലെ
ഉയരാത്ത ഗാനത്തിൻ ശ്രുതി പോലെ
കൊഴിയാത്ത പൂവിൻ മണം പോലെ
പ്രണയമെന്നെ പുണരുന്നു

കാതിൽ തേന്മഴയായ്
കരളിൽ വസന്തമായ്
നിനവിൽ പൊൻ വെയിലായ്
നിന്നിൽ ഞാനലിഞ്ഞീടാം

പുലരിയിൽ ഭൂപാളമായ്
സായന്തനത്തിൻ ശൊഭയായ്
നിശയുടെ സംഗീതമായ്
നിന്നിലെ കിനാവായ് തെളിഞ്ഞിടാം

പ്രണയാർദ്രമാം നിമിഷങ്ങളിൽ
പ്രണയഗീതികൾ പാടിടാം
പ്രണയമഴയായ് പെയ്തിറങ്ങാം
പ്രിയമുള്ളതെല്ലാം കൈമാറാം.

Read more...

അമ്മ (ചെറുകഥ)


അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,

‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’

വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.

പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’

‘എന്തു പറ്റി?’

‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’

അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.

കാറിന്റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി,

‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,

‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’

‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’

അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,

‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.


ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.

ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.

‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,

‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.

പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!

‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'

‘ഉം..വീട്!'

അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.

പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.


"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."


നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.

‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്.  ഓരോരോ  കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ  വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത്‌  മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ,  മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം  ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'

ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.

‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’

‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'

‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള്  കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.

തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’

ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.

‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’

‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'

അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,

‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’

അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.

‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.

പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച്  മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,

‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,

‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’

കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഡ്രൈവറോട് പറഞ്ഞു,


'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP