ഏകം













വര്‍ത്തമാനം തെളിയാത്ത കൈവെള്ളയിലും
നക്ഷത്രങ്ങള്‍ കരിഞ്ഞുപോയ ഭുതത്തിലും
ഇരുണ്ട ആകാശങ്ങളുടെ ഭാവിയുള്ള മനസ്സിലും
വേപഥു പൂണ്ട് നിലകൊള്ളുന്ന കാലത്തില്‍.
ഇരുട്ടിരുട്ടിനെ തിന്നുതീര്‍ക്കുന്നയാമത്തില്‍
നേദിച്ച ബീജം സാക്ഷിയായ് താതന്‍ ചൊല്ലി: 
"പിറക്കാനിരിക്കുന്നവന്‍ നിനക്ക് തുണയാവേണ്ടവന്‍
കരുത്തോടെ ആഞ്ഞുപുണര്‍ന്നോളുയെന്നെ".
പെറ്റുനോവിന്നാലസ്യത്തില്‍
പൊക്കിള്‍ക്കൊടി മുറിച്ചെടുത്ത് മാതൃവചനം;
"ചിതകളെരിയുന്ന ഭൂമിതന്‍ മാറില്‍ നീ ഏകന്‍,
മന്ദഹാസങ്ങള്‍ ദാനമേകരുത്
കഞ്ഞിക്കുപ്പാവാത്ത കണ്ണുനീര്‍ പൊഴിക്കരുത്".
പൂഴിമണലില്‍ ആദ്യമായ് വിരല്‍ പതിഞ്ഞനേരം ഗുരുമൊഴി:
"നീ അക്ഷരത്തിനുമകലെ നില്‍ക്കെണ്ടവന്‍,
ദക്ഷിണയേകാന്‍ നിനക്കുപെരുവിരലുപൊലുമില്ല !".
മാണിക്യമാലിന്യമോന്നായെറ്റു വാങ്ങുന്ന നഗരസാഗരം,
കോട്ടുവാപോലെ നിറഞ്ഞ നഗരക്കാഴ്ചകള്‍.
തെരുവീഥികളില്‍,
പറങ്കികളുടെ ഉദരത്തിനു പണയംവെച്ച
തലച്ചോറുകളുടെ രഥയാത്ര.
തെരുവോരത്തെയോടകളില്‍,
മുറിവേറ്റ കന്യാചര്‍മ്മങ്ങളിലെ രക്തമൊഴുകുന്നു.
നഗരമോന്നായ് തിരക്കുന്ന കമ്പോളത്തില്‍,
ഹൃദയരസം പുരണ്ടസ്നേഹവും
പ്രതീക്ഷയുള്ള ആകാശവും കെട്ടികിടക്കുന്നു.
കാമം തിളപ്പിയ്ക്കും ഔഷധികള്‍ക്കും
ദിശയറിയാത്ത വടക്കുനോക്കി യന്ത്രത്തിനും
ചലനംതെറ്റിയ ഘടികാരത്തിനും
ഐസ്ക്രീമിലുരുകിയൊലിക്കുന്ന പ്രണയങ്ങള്‍ക്കും
ആള്‍ത്തിരക്കേരുന്നു.
ഫാസ്റ്റ് ഫുഡ്‌ പുരകളില്‍
തിന്നും തിന്നാതെയും ജീര്‍ണ്ണിച്ച ജഡങ്ങള്‍
ചത്തു മലയ്ക്കുന്നു !
നഗരസാഗരത്തിലൂടെ കാല്‍ച്ചങ്ങലകളില്ലാതെ
അസ്ഥികളില്ലാത്ത വായുപോലെയലച്ചില്‍ .
അസ്വസ്ഥതകളുടെ മണ്‍കൂനകളില്‍
മണ്‍ചെരാത് കൊളുത്താനായ്‌ അവള്‍.
അസ്തമയസുര്യന്റെ മനോഹാരിതയും
രാപകലുകളില്‍ തിന്നുതീര്‍ത്ത സ്വപ്നങ്ങളും
അടര്‍ത്തിമാറ്റി ,
നിഴലുകളിണചേരുന്ന വീഥിയില്‍
അവളും മറഞ്ഞുപോയ്‌
ശൂന്യതകളുടെ കൊട്ടാരം വെടിഞ്ഞ്‌,
ആത്മാഹുതിയുടെ മുനമ്പില്‍ നില്‍ക്കെ .
തോളില്‍ തണുത്തസാന്ത്വന സ്പര്‍ശം
ഓര്‍മ കടയുന്നു,
അക്ഷരം നിറവായി തന്നവന്‍
പാഥേയം പകുത്തവന്‍
കരിമുകിലിനു പിന്നില്‍നിന്നു
നക്ഷത്രമുദിക്കുമെന്നു പറഞ്ഞുതന്നവന്‍ .
അവശേഷിച്ച അസ്ഥികളില്‍ ജ്വരം
തിളച്ചപ്പോള്‍ ഒറ്റപ്പെടുത്താനുള്ള
ഭാഷ അവനുമറിയുന്നു.
കണ്ണിമപോലും ഇളകാത്ത നേരത്ത്
മരവിച്ച ജീവന് മുറിവില്‍ മരുന്നുപോല്‍ മരണം .
എങ്കിലും ,
ചലിക്കാത്ത ശിരസ്സിനെ ഒറ്റുകൊടുക്കാതെ
സുര്യനുദിക്കും ദിക്കറിഞ്ഞു,, ദിക്കുനോക്കി.
ഭൂമിയുടെ മാറില്‍ തിരശ്ചിനമായൊരു കിടപ്പ് .
കല്പാന്തകാലം വരേയ്ക്കും, ഒറ്റയ്ക്കൊരു കിടപ്പ്.
ഒറ്റയ്ക്ക് ...

Shamal S Sukoor  – (August 2, 2010 at 2:10 AM)  

ഒരു നൊമ്പരമായി മനസ്സിന്റെ ആഴങ്ങളില്‍ പതിച്ച കവിത.. വീണ്ടും എഴുതുക.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. കവിത പോസ്റ്റ്‌ ചെയ്യുമ്പോള്‍ "ബോള്‍ഡ്" ചെയ്യുന്നത് ഒഴിവാക്കിയാല്‍ വായിക്കുന്നത് കുറച്ചുകൂടി ആയാസകരം ആവുമെന്ന് കരുതുന്നു.. ഇവിടുത്തെ പ്രശ്നമാണോ എന്നറിയില്ല..

Rajesh Nair  – (August 4, 2010 at 4:32 AM)  

ചലിക്കാത്ത ശിരസ്സിനെ ഒറ്റുകൊടുക്കാതെ
സുര്യനുദിക്കും ദിക്കറിഞ്ഞു,, ദിക്കുനോക്കി.
ഭൂമിയുടെ മാറില്‍ തിരശ്ചിനമായൊരു കിടപ്പ് .
കല്പാന്തകാലം വരേയ്ക്കും, ഒറ്റയ്ക്കൊരു കിടപ്പ്.
ഒറ്റയ്ക്ക് ...

നല്ല വരികള്‍ .....ആശംസകള്‍ ....തുടരുക .......

പ്രവാസം..ഷാജി രഘുവരന്‍  – (August 5, 2010 at 5:17 AM)  

നന്നായിടുണ്ട് ഈ എഴുത്ത് ...
തുടരുക .....ഭാവുകങ്ങള്‍

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP