***ഊഞ്ഞാലാടാന്‍ പോയപ്പോള്‍...***

ജൂലായ്‌ 4-നു തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ വച്ചു നടന്ന 'ഊഞ്ഞാല്‍ സംഗമത്തി'ന്‍റെ അനുഭവക്കുറിപ്പ്. (2010 ജൂലൈ 6, 7 ദിവസങ്ങളില്‍ രണ്ടു ഭാഗങ്ങളായി "ശ്രുതിലയം" ഓര്‍ക്കുട്ടില്‍ പോസ്റ്റ്‌ ചെയ്തത്.)

ഊഞ്ഞാലാടാന്‍ പോയപ്പോള്‍...

സന്തോഷ്‌, ഭീമനാട്.




ഒന്നാം ക്ലാസ്സില്‍ വന്നു കയറിയ കൊച്ചുകുട്ടി, കൊമ്പന്മീശ വച്ച ഹെഡ്‌ മാഷെ കണ്ട് അമ്പരന്നു നില്ക്കുന്ന പോലെയാണ് ഞാന്‍ ശ്രുതിലയത്തിലെത്തിയ ആദ്യ ദിവസങ്ങളില്‍ നിന്നത്.

വിപ്ലവവീര്യം കൂടിയതിന്‍റെ പേരില്‍ കോളേജ് അധികൃതര്‍, "മതി, മോന്‍ നാട്ടിലേക്ക് മടങ്ങിക്കോളൂ" എന്ന് പറഞ്ഞു വാതില്‍ അടച്ചതിന്‍റെ ക്ഷീണം മാറ്റാന്‍ ഇറങ്ങിത്തപ്പിയാതാണ് ഓര്‍ക്കുട്ടില്‍. അപ്പോഴാണ്‌ ആകസ്മികമായി കണ്ട് മുട്ടിയ GK ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. വന്നു, നിന്നു.

ഷാജിയേട്ടന്‍ സ്നേഹത്തോടെ വിളിച്ചകത്തു കേറ്റി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുവൈത്തിനും മണ്ണാര്‍ക്കാടിനും ഇടയില്‍ രൂപപ്പെട്ട ആ സാഹോദര്യബന്ധം മൂലം ഞാന്‍ ഇവിടെത്തന്നെ കുറ്റിയടിച്ചു. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ..!

ഞാനാണ് ലയത്തില്‍ ഏറ്റവും ഇളയവനെന്ന സത്യം വല്ലാത്തൊരു ഉള്‍ഭയത്തോടെയാണ് അംഗീകരിച്ചത്. കാരണം ചുറ്റും കണ്ടത് മുഴുവന്‍ ഇടിവെട്ട് പേരുകള്‍: ഗോപി 'വെട്ടിക്കാട്', അനില്‍ 'കുര്യാത്തി', ഷബീര്‍ 'പട്ടാമ്പി', 'ജ്വാലാ' സമേതന്‍ അങ്ങനെയങ്ങനെ... പേരുകള്‍ക്കൊക്കെ ഒരു മാഫിയാ സ്റ്റൈല്‍..! കണ്ണും തള്ളി നിന്നു പോയി . തമിഴ്നാട്ടില്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ പോലും സീനിയര്‍ ചേട്ടന്മാരെ ഇങ്ങനെ ഭയന്നിട്ടില്ല. പേരിന്‍റെ ഓരോ പവര്‍!

വന്നതിന്‍റെ കുളിര് മാറാതെ നില്ക്കുമ്പോ ഷാജിയെട്ടന്‍ പറഞ്ഞു , 'ഊഞ്ഞാല്‍'
സംഗമത്തിന് പോകാന്‍.

"ഊഞ്ഞാലോ ? അതെന്താ?", കൂട്ടായ്മകളെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ആകെ അറിയുന്ന ഊഞ്ഞാല്‍ പണ്ട് മുറ്റത്തെ മാവ് വെട്ടിയത്തിനു ശേഷം ടി വിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്.

"അവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണ്", എന്ന് ഷാജിയെട്ടന്‍.

ഓ, വേണ്ടപ്പെട്ടവര്‍ ബന്ധുക്കളാണല്ലോ, ബന്ധുക്കളുടെ കല്യാണത്തിനു പോകും പോലെ ! പോകാമെന്ന് ഞാന്‍ പറഞ്ഞു.

ഷബീറിക്കയെ ഷാജിയെട്ടന്‍ പരിചയപ്പെടുത്തി. മണ്ണാര്‍ക്കാടും പട്ടാമ്പിയും തമ്മില്‍ അധികം ദൂരമില്ല. ശനിയാഴ്ച ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു .

ഞാന്‍ ചില സാങ്കേതികകാരണങ്ങള്‍ കൊണ്ട് വൈകിയെങ്കിലും, നല്ലവനായ ഷബീറിക്ക , പ്രതീക്ഷിച്ചതിലും തീരെ കുട്ടിയാണ് ഞാനെന്നു കണ്ടിട്ടാകണം, തെറി പറഞ്ഞില്ല. ലയത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേട്ട് കേട്ട് തൃശൂര്‍ എത്തിയത് അറിഞ്ഞില്ല. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഞങ്ങളെ സ്വീകരിക്കാന്‍ ഗോപിയേട്ടന്‍ വന്നു
.

‘ഗോപി വെട്ടിക്കാട് എന്ന പേരും പട്ടാളക്കാരന്റെ ഗൌരവം തോന്നുന്ന ഫോട്ടോയും പ്രൊഫൈലില്‍ ഇട്ടത് എന്നെ പോലുള്ള പാവങ്ങളെ പേടിപ്പിക്കാനല്ലേ ‘ എന്ന് ചോദിക്കാന്‍ തോന്നി ആളെ കണ്ടപ്പോള്‍. പക്ഷെ എന്തുകൊണ്ടോ, ചോദിച്ചില്ല.

ഗോപിയേട്ടന്റെ കുടുംബത്തോടൊപ്പം ഞങ്ങളെ വീട്ടില്‍ സ്വീകരിച്ചത് രണ്ടു ശ്രുതിലയം മഹാരഥന്മാര്‍ തന്നെയായിരുന്നു. അനില്‍ (കുര്യാത്തി)ഏട്ടനും,
(രാജേഷ്‌) ശിവേട്ടനും. ‘ചില പ്രത്യേക സാഹചര്യങ്ങള്‍’ കൊണ്ട് അനിലേട്ടന്‍
ഉറക്കത്തിലാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.

രാജേഷ്‌ ശിവ- പേര് കേട്ടാല്‍ ബാബറി മസ്ജിദ്‌ ഓര്മ്മ വരുമെന്കിലും ആളു പാവമാണ്. സ്വന്തം ലോകത്ത് രാജാവായി ജീവിക്കുമ്പോഴും, ആ ഹൃദയ ശുദ്ധി പുറം ലോകം കാണാതെ പോകുന്നതിലെ പരിഭവം കവിതയില്‍ മുഴുകി ഇല്ലാതാക്കുന്ന ഒരു നല്ല മനുഷ്യന്‍. എന്റെ ആദ്യ കവിതയെ പ്രോത്സാഹിപ്പിച്ച് ലയത്തില്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചവരില്‍ പ്രമുഖന്‍.

അനിലേട്ടന്‍ ഉറക്കത്തിന്റെ സുഖ സുഷുപ്തിയില്‍ മുഴുകി കിടന്നു. ഒരു പക്ഷെ, ലോകം മുഴുവന്‍ തന്റെ കൂട്ടായ്മ കൊണ്ട് കീഴടക്കുന്ന വിപ്ലവ സ്വപ്നം കാണുകയായിരുന്നിരിക്കാം.

ലയത്തില്‍ എത്തി ആദ്യ ദിവസം പ്രൊഫൈലില്‍
‘നിനക്കായ്‌' എന്നു കണ്ട് ഷാജിയേട്ടനോട് ചോദിച്ചിട്ടുണ്ട്, ഇതാരാണ് എന്ന്. അങ്ങനെ വേറെയാരെങ്കിലും ചോദിച്ചത് കൊണ്ടാണോ എന്നറിയില്ല, നജിമ താത്ത പിന്നീട് സ്വന്തം പേര് വെളിപ്പെടുത്തി. താത്താന്റെ വീട്ടില്‍ ആണ് വൈകുന്നേരം പോയത്. കവിതാമയമായ കാര്‍ യാത്ര. നാല് അതികായന്മാര്‍ക്കിടയില്‍ ഞാന്‍ അടങ്ങിയൊതുങ്ങിയിരുന്നു. (ഞാന്‍ വെറും പാവമാണെന്ന് അവരൊക്കെ കരുതിക്കോട്ടെ.!)

ടി വിയില്‍ അര്ജന്റീനയെ ജര്മ്മനി നിര്‍ദയം കടിച്ചു കീറുന്നത് കണ്ട വിഷമത്തില്‍ അധികം പരിചയപ്പെടാനും സംസാരിക്കാനും കഴിയാഞ്ഞതില്‍ താത്താ, സോറി. മറഡോണയ്ക്ക് നല്ലത് വരുത്തണേ എന്ന് പ്രാര്‍ത്ഥിച് കൊണ്ടായിരുന്നു മടക്ക യാത്ര. നാലാമാതും പന്ത് വലയില്‍ കയറി എന്നറിഞ്ഞ്, ജബുലാനിയുടെ ഡിസൈനര്‍മാരെ തെറി പറഞ്ഞു കൊണ്ട് അര്ജരന്റീനയ്ക്ക് മോക്ഷം കിട്ടാന്‍ ഒരു തുള്ളി കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു .

ഗോപിയേട്ടന്റെ പ്രിയ പത്നി സ്നേഹത്തോടൊപ്പം ഭക്ഷണവും വിളമ്പിക്കൊണ്ടിരുന്നു. വയറിന്റെ സ്ഥലപരിമിതി മനസ്സിലായ ഘട്ടത്തില്‍ ഹരിശ്രീ അശോകനെ പോലെ ചോദിച്ചാലോ എന്ന് തോന്നി, “തീരുമ്പോ തീരുമ്പോ ഭക്ഷണം തരാന്‍ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതാ ? ” ചേച്ചിയുടെ കൈപുണ്യത്തിനു നന്ദി. പാവം, പനി പിടിച്ച ചേച്ചിയെ രാത്രി ഉറങ്ങാന്‍ വിടാഞ്ഞതില്‍ വിഷമമുണ്ട്. ഈ വിഭാവസമര്‍പ്പണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഊന്മേശ തൊട്ട് രംഗം ചൂടുപിടിക്കുകയായിരുന്നു. ചര്‍ച്ചയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് മേശയിലെ വിഭവങ്ങള്‍ കുറഞ്ഞുകൊണ്ടിരുന്നു. നാല് ബുദ്ധിജീവികള്‍ ഒത്തുകൂടിയാല്‍ എന്തൊക്കെ പറയാം! (ഞാന്‍ ആ ഗ്രൂപ്പില്‍ പെടില്ല). ശ്രുതിലയതിന്റെ ജനനവും ബാല്യവും കടന്ന്, കൌമാര്യ ചാപല്യങ്ങളുടെ പഴയതും പുതിയതുമായ കാര്യങ്ങള്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, ഞാനൊരു നല്ല കേള്‍വിക്കാരനായി .
പൊന്നുരുക്കുന്നിടത്ത് പൂച്ച എന്ത് പറയാന്‍!

വിവേക പൂര്‍വ്വമുള്ള ഷബീരിക്കയുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കെ , ഒരു കഥയോ കവിതയോ എഴുതാത്ത ഈ മനുഷ്യന്‍ ലയത്തിന്റെ അവിഭാജ്യഘടകമായി എന്തുകൊണ്ട് നിലനില്ക്കുന്നു എന്ന് ഞാനറിഞ്ഞു.

മുന്‍പ് സൂചിപ്പിച്ച ‘ചില പ്രത്യേക സാഹചര്യങ്ങള്‍’ ഇത്തിരി കൂടിപ്പോയത് കൊണ്ടോ എന്തോ, അനിലേട്ടന്‍ വികാരാധീനനായി. ഒരിക്കല്‍ നഷ്ടമായ ജീവിതം തിരിച്ചു വെട്ടിപ്പിടിച്ച ഓര്‍മ്മ പറഞ്ഞ് ആ മനസ്സ്‌ പാളം വിട്ടു മാറാന്‍ തുടങ്ങിയപ്പോള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് തിരിച്ചു കൊണ്ടുവന്നത്
ഞാനായിരുന്നു.

ആ ഓര്‍മ്മയുടെ നിഴലില്‍ അനിലേട്ടന്‍ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു. ഉറക്കത്തിനിടയില്‍, ബെഡില്‍ നിന്ന് താഴേക്കും വീണു.

ഊന്മേശയില്‍ നിന്ന് ചര്‍ച്ച ഉമ്മറത്തേക്ക് മാറ്റി. മഴ കണ്ട് സൊറ പറഞ്ഞിരിക്കുക എന്ന് കേട്ടിട്ടില്ലേ, അത് പോലെ. അവിടെ ചര്‍ച്ച തികച്ചും സാഹിത്യസംബന്ധമായിരുന്നു. ജാഗരൂകനായി കേട്ടിരുന്ന ഷബീരിക്ക അല്പം കഴിഞ്ഞ് താളാത്മകമായി കൂര്‍ക്കം വലിക്കാന്‍ തുടങ്ങിയപ്പോഴാണ് , കക്ഷി ഉറങ്ങിയിട്ട് നേരമോരുപാടായി എന്ന് മനസ്സിലായത്‌.

ഇനി ഞങ്ങള്‍ മൂന്നുപേര്‍, ഞാന്‍ കേള്‍ക്കാനും ഗോപിയേട്ടനും ശിവേട്ടനും പറയാനും. അപ്പോള്‍ മുതലാണ്‌ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്ന വിഷയങ്ങള്‍ വരുന്നത്.

പിന്നീട് ശിവേട്ടന്റെ കൂടെ ഒരു മുറിയില്‍ കിടക്കവേ, ഞാന്‍ എന്റെ പറയാതെ വച്ച വാക്കുകളെ പുറത്തെടുത്തു. ഒരുപാട് നേരം ജീവിതത്തിന്റെ അര്ത്ഥവവും ആഴവും വളവും തിരിവും ഒക്കെ പറഞ്ഞ് പറഞ്ഞ്, ഓര്മ്മയിലില്ലാത്ത ഏതോ നിമിഷങ്ങളില്‍ ഞങ്ങള്‍ ഉറങ്ങി. അത് കൊണ്ട് തന്നെ രാവിലെ വൈകി എണീട്ടതും ഞങ്ങള്‍ തന്നെ. (എണീട്ടിട്ടു എന്നെ വിളിച്ചുണര്ത്തി വീണ്ടും കിടന്നുറങ്ങിയ അനിലേട്ടനെ വെറുതെ വിടുന്നു.)

പ്രഭാതകര്മ്മങ്ങള്‍ ഒരുവിധം കഴിച്ച്, സ്നേഹമയിയായ ആ വീട്ടമ്മയോട് ഇനിയും വരാമെന്നു പറഞ്ഞ് ഇറങ്ങുമ്പോള്‍ , ആ ഭക്ഷണം കഴിക്കാനെങ്കിലും ഞങ്ങള്‍ ഇനിയും വരും എന്നായിരുന്നു മനസ്സില്‍. അതെ, കുളിച്ചൊരുങ്ങി, ഊഞ്ഞാലാടാന്‍ പോകുകയാണ് ഞങ്ങള്‍.

**********

ഷബീറിക്ക കാറ് നിര്‍ത്തിയത്‌ പേള്‍ റീജന്സി ഹോട്ടലിനു മുന്നില്‍. ത്രീ സ്റ്റാര്‍ ! അപ്പൊ ഊഞ്ഞാലുകാര് ചില്ലറക്കാരല്ല. ഞങ്ങള്‍ - ഗോപി വെട്ടിക്കാട്, അനില്‍ കുര്യാത്തി, ഷബീര്‍ പട്ടാമ്പി, രാജേഷ്‌ ശിവ, പിന്നെ ഒരു അരികത്തു മാറി ഞാനും- പുറത്തിറങ്ങി.

ഉമ്മറത്ത് തന്നെ ഒരു സംഘം ഫോട്ടോയെടുത്തു കളിക്കുന്നു. രൂപം കണ്ടാലറിയാം, കവികള്‍ തന്നെ, എല്ലാര്ക്കും ഒരു ബുദ്ധി ജീവി ലുക്ക്‌. കണ്ട ഉടനെ പരിചയമുള്ളവര്‍ പരസ്പരം കൈ പിടിച്ചു കുലുക്കി. ആരേം അറിയില്ലെങ്കിലും കൂടെ വന്നതല്ലേ, എന്റെ കയ്യിലും കേറിപ്പിടിച്ചു. ലയത്തിന്റെ സ്വപ്ന സാക്ഷാത്കാരം മുഴുവന്‍ അടുക്കിയ ഒരു വലിയ ബാഗും തൂക്കിയായിരുന്നു എന്റെ നില്പ്പ് . “ശ്രുതിലയം കവിതകള്‍”ക്ക് നല്ല കനമാണ് , പുസ്തകത്തിനുള്ളിലും!


“അതാണ്‌ ജ്വാല, ജ്വാലാസമേതന്‍ “, ഷബീറിക്ക പരിചയപ്പെടുത്തി. സൈക്കളില്‍ നിന്ന് വീണ ചിരിയോടെയാണ് ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്തത്. മറ്റൊന്നുമല്ല, അര്ജ‌ന്റീനയുടെം ജര്മ്മ നിയുടെം പേരില്‍ ഒരു പരിപ്പുവടക്കും ചായക്കും ബെറ്റ്‌ വച്ചതാണ് കക്ഷിയുമായി, ഓണ്‍ലൈനില്‍. അര്ജമന്റീന ദയനീയമായി തോറ്റു. ജര്‍മ്മനിക്കാര്‍ക്ക് പരിപ്പുവട അത്രയ്ക്ക് ഇഷ്ടമാണെന്ന് ഞാനറിഞ്ഞോ!

റിസേപ്ഷനില്‍ ചോദിച്ചു, “ഇവിടെ പരിപ്പുവട കിട്ടുമോ?”. ആ വെള്ളക്കുപ്പായക്കാരന്‍ ഒന്ന് ചിരിച്ചു. “ഇത് തട്ട് കടയല്ല മോനെ” എന്നാണു ആ ചിരിയുടെ അര്ത്ഥം, അതിനു ഡിക്ഷ്ണറി നോക്കേണ്ട. ത്രീ സ്റ്റാര്‍ ഹോട്ടല്കാര്‍ വളരെ നല്ലവരാണ്!

അകത്ത് കയറിയപ്പോള്‍ സന്തോഷമായി, ആരെയും അറിയില്ല! ‘ശ്രുതിലയം കവിതകള്‍” ഒരു ഭാഗത്ത് അടുക്കി വച്ചു. ഈ പുസ്തകങ്ങളൊക്കെ അടുക്കിപ്പെറുക്കി വയ്ക്കുന്നത് കണ്ടാലെന്കിലും നമ്മളെ ആരെങ്കിലും ശ്രദ്ധിക്കും എന്ന് കരുതി. എവിടുന്ന് ! ഈ എഴുത്തുകാര്ക്കൊന്നും ഒരു പുസ്തക സ്നേഹവും ഇല്ലേ?

ഒരു ഭാഗത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്‍റെയൊരു സമപ്രായക്കാരന്‍ വന്ന് കയ്യു തന്നിട്ട് പറഞ്ഞു, ”ഞാന്‍ തമ്പുരാന്‍..!” കോളേജില്‍ ആയിരുന്നെങ്കില്‍ അവന്റെ കോവിലകം ജപ്തി ചെയ്ത് സ്ഥാനഭ്രഷ്ടനാക്കിയേനെ. അവിടെ ഞാനല്ലേ തമ്പുരാന്‍! ഇതിപ്പോ സാംസ്കാരികസംഗമം ആയിപ്പോയില്ലേ.. പിന്നെ മനസ്സിലായി അത് പുള്ളിയുടെ തൂലികാനാമമാണ്. തമ്പുരാന്‍, നീണാള്‍ വാഴട്ടെ.

ശ്രുതിലയത്തിന്റെ അതികായന്മാര്‍ മുന്‍ നിരയില്‍ കയറിയിരുന്നു. സ്ഥലമില്ലാത്തത് കൊണ്ടു ഞാന്‍ പുറകിലും. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്. മനോജ്‌ കുറൂര്‍ വരുമെന്ന് പറഞ്ഞു കേട്ടു . വേദിയില്‍ ആരോ ഇരിക്കുന്നുണ്ട്.

ഷബീറിക്കായോടു ചോദിച്ചു, “അതാരാ സ്റ്റേജില്‍ ?”

“മനോജ്‌ എന്ന് വിളിക്കുന്നത്‌ കേട്ടു, അപ്പൊ മനോജ്‌ കുറൂര്‍ ആയിരിക്കണം”, ഷബീറിക്കായുടെ മറുപടി കേട്ടപ്പോള്‍ സമാധാനമായി. ഞാന്‍ കരുതി എനിക്ക് മാത്രമേ അറിയാത്തതുള്ളൂ എന്ന്!

അവതാരികയുടെ മധുരമനോഹരമായ ശബ്ദം കാതുകളില്‍ ഒഴുകിയെത്തിയപ്പോള്‍ വെറുതേ , സാധാരണ ക്ലാസ്സ്‌ റൂമില്‍ ചെയ്യാറുള്ളത് പോലെ, ഇടം കണ്ണിട്ടു നോക്കി. സോറി, മൈ മിസ്റ്റെക്‌ . അമ്മയുടെ പ്രായമുണ്ട്. ആരും ശ്രദ്ധിക്കാഞ്ഞതു കൊണ്ട്‌ വെറുതേ ഒരു ചമ്മല്‍ വേസ്റ്റ് ആയിപ്പോയി.

ഊഞ്ഞാലിന്റെ കുലപതി റെന്നി ചേട്ടനെ ‘കോംഗോ മഹാരാജാവ്’ എന്ന് വിളിച്ചതിന്റെ കാരണം മനസ്സിലായില്ല. അടുത്തു നിന്ന് ആരോ പറഞ്ഞു, “ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടതുകൊണ്ടാണത് “. ചിലപ്പോ ആയിരിക്കാം!

ജ്യോത്സ്ന വരുമത്രേ , ഉത്ഘടിക്കാന്‍ ! പരിചയമുള്ള ഒരാളെങ്കിലും വരുമല്ലോ, സന്തോഷം.

പ്രാര്ത്ഥനയായും ഇടയിലെ മനോഹരമായ ഗാനങ്ങളായും മനം കുളിര്‍പ്പിച്ച കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഡയറി മില്കില്‍ പൊതിഞ്ഞ ഒരായിരം സ്നേഹചുംബനങ്ങള്‍.

രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞ സൂര്യകിരീടത്തിന്റെ് ഓര്‍മ്മയില്‍ , കിരീടധാരിക്ക് ആദരാഞ്ജലികള്‍ അര്പ്പിച്ചു കൊണ്ട്, ‘വിരഹഗാനം വിതുമ്പി നില്ക്കും വീണ പോലും മൌനമായ്‌...!’

ശ്രീ എം ജി രാധാകൃഷ്ണന്റെ ഓര്മ്മായില്‍ ഒരു നിമിഷം.

രംഗ ദീപത്തിലെ അഞ്ചു തിരികള്‍ പഞ്ചഭൂതങ്ങളെ സ്മരിക്കുന്നു. വിശിഷ്ടാഥിതികള്‍ക്കൊപ്പം അനിലേട്ടനും ആ ദീപം തെളിയിച്ചപ്പോള്‍, ഒളിമ്പിക്സ്‌ ദീപശിഖയാണോ അത് എന്ന് തോന്നി.

കഥയ്ക്കും കവിതയ്ക്കും സമ്മാനവും വാങ്ങി ഗമയില്‍ സ്റ്റേജ് വിട്ടു പോകുന്നവരെ നോക്കി മനസ്സില്‍ പറഞ്ഞു, “ഞാന്‍ കൂട്ടായ്മയില്‍ നേരത്തെ വരാഞ്ഞത് നിങ്ങടെ ഭാഗ്യം!”

പ്രസംഗങ്ങളെക്കുറിച്ചു തല്ക്കാലം ഞാന്‍ വാചാലനാകുന്നില്ല. പ്രസംഗിച്ചവര്‍ ആവശ്യത്തിനു വാചാലരായിരുന്നു. സ്റ്റേജില്‍ കണിക്കൊന്ന വിരിയുകയും ശ്രുതിലയമൊഴുകുകയുമൊക്കെ ചെയ്തു എന്നു പറയാം, നിര്‍ബന്ധമെങ്കില്‍.

കവിയരങ്ങത്ത് മനസ്സ് നിറഞ്ഞു. മനോജ്‌ സാറിന്റെ കവിത മനസ്സിലേക്ക് ഇടിച്ചു കയറിയപ്പോള്‍ മുന്പ് എവിടെയോ വായിച്ച ഒരോര്‍മ്മ . ഓര്‍മ്മ നില്‍ക്കാത്തത് കൊണ്ടാണ് പണ്ട് സാറാമ്മ ടീച്ചര്‍ എന്നെ ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയത്‌, അത് കൊണ്ട്‌ ഏതു കവിത എന്ന് ചോദിക്കരുത്. പ്രണയ കവിതയും വിപ്ലവഗാനമായി മാത്രമേ പാടൂ എന്നു ശഠിക്കുന്ന അനിലേട്ടന്റെ ചുവന്ന ചിന്തകള്ക്ക് അഭിവാദ്യങ്ങള്‍!

കവിത കേള്ക്കുന്നതിനിടയില്‍ , ഇന്നലെ ശിവേട്ടന്‍ മൂലം തെറ്റിപ്പോയ ഉറക്കം കയറിവന്നത് ആകെ പ്രശ്നമായി. കോട്ടുവായിട്ടുകൊണ്ട് നോക്കിയത് കോംഗോ മഹാരാജാവിന്‍റെ മുഖത്ത് . കക്ഷി ഒന്ന് ചിരിച്ചു. ഇപ്പൊ ചമ്മല്‍ ഒട്ടും വേസ്റ്റ് ആയില്ല. ഞാന്‍ കവിതയിലെ താരാട്ടിന്റെ ഈണം കൊണ്ട്‌ അറിയാതെ മയങ്ങിപ്പോയതാ, കേട്ടോ !

കവിയരങ്ങ് തീര്‍ന്ന് ഭക്ഷണമത്സരം തുടങ്ങാനെടുത്ത ചെറിയ ഇടവേളയില്‍ ശ്രുതിലയത്തിന്റെ നാല് ചേട്ടന്മാരും കൂടി ഹാളിന്റെ പിന്‍ വാതിലിലൂടെ മുങ്ങിയത് എങ്ങോട്ടാണെന്ന് ആര് ചോദിച്ചാലും ഞാന്‍ പറയൂല!

വിഭവസമൃദ്ധമായ ഭക്ഷണമഹാമഹം കഴിഞ്ഞ് നാലാം തവണയും ഐസ് ക്രീമിന് ചെന്നപ്പോള്‍, വിതരണക്കാരന്‍ സൂക്ഷിച്ചോന്നു നോക്കി. ജാള്യത മറയ്ക്കാന്‍ ദൂരെ എന്തോ ആലോചിച്ചു നില്ക്കുന്ന ജ്വാലാസമേതനെ കാണിച്ചു കൊടുത്തിട്ടു പറഞ്ഞു, “എനിയ്ക്കല്ല!”. പാവം, വിശ്വസിച്ചു!

ഒരു വിഭവം കഴിച്ച് അടുത്തതിലെക്കുള്ള ഇടവേളയില്‍ പലരെയും ചാക്കിലാക്കി. റെന്നി ചേട്ടനെ ഔപചാരികമായി പരിചയപ്പെട്ടു. ഭക്ഷണത്തില്‍ നിന്നും കോണ്‍സന്‍ട്രേഷന്‍ കളയാന്‍ ഇടയ്ക്കിടെ മൈക്കിലൂടെ അതുമിതും വിളിച്ചു പറഞ്ഞവരോട് ദൈവം ചോദിക്കും.

ഭക്ഷണ നിരയില്‍ അവസാനം ഇരുന്ന ഒരു പ്രത്യേക തരം വിഭവത്തിന്റെ കോമ്പിനേഷന്‍, ഒരുപാട് തല പുകച്ചിട്ടും മനസ്സിലായില്ല. കുഴി എണ്ണല്‍ മതിയാക്കി അപ്പം തിന്നാന്‍ തന്നെ തീരുമാനിച്ചു.

സദ്യക്ക് പ്രഥമന്‍ അവസാനം ആണല്ലോ വിളമ്പുക. അത് പോലെ രസകരമായിരുന്നു പരിചയപ്പെടുന്ന സെക്ഷന്‍. ഒരു റാഗിംഗ് ഏര്‍പ്പാട്‌ . തമിഴ്നാട്ടിലെ ഹോസ്റ്റലിലും , എന്തിന് , റെയില്‍വേ സ്റ്റേഷനില്‍ പോലും ഇടിവെട്ട് റാഗിങ്ങിനു മുന്പിപല്‍ മുട്ട് വിറയ്ക്കാതെ നിന്ന എന്നോടാണ് കളി, ഹും!

എന്റെ ഗ്രാമത്തിന്റെ മനോഹാര്യത ഞാന്‍ അവിടെയും വിളിച്ചു പറഞ്ഞു. അതെന്റെ ഒരു ദുശീലമാണ് .”ഭീമനാട്.... ഭീമനാട് “ എന്നു വിളിച്ചു പറയാന്‍ നല്ല സുഖമാണ്.

കാവാലത്തു നിന്നും കുടുംബസമേതം തൃശ്ശൂരില്‍ വന്നിറങ്ങിയ ഗാനത്തിന്റെ ചുവടുപിടിച്ചു ഞാനും പാടുന്നു, കാ..വാ..ലം!

(സത്യത്തില്‍ ഞാനും ഒരു പാട്ട് പാടണം എന്ന് വിചാരിച്ചതാണ്, പക്ഷെ ആരും നിര്‍ബന്ധിച്ചില്ല. എല്ലാത്തിനും അവസാനം പാടുന്ന ഒരു പാട്ട് എനിക്കറിയാം, രവീന്ദ്രനാഥ ടാഗോറിന്റെ..)

എഴുതി തുടങ്ങുന്ന ഒരാള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സുഖം എന്താണെന്നോ, ആ എഴുതിയതിന്റെന വെളിച്ചത്തില്‍ ഒരാള്‍ തന്നെ തിരിച്ചറിയുക തന്നെ. “നിഴലനക്കങ്ങള്‍” എന്നാ എന്റെ കുഞ്ഞു കവിതയിലെ ഒരു ബിംബം ഓര്‍ത്തെടുത്താണ് രവിയെട്ടന്‍ എന്നെ പരിചയപ്പെട്ടത്. ഈ സംഗമം തന്ന ഏറ്റവും മഹത്തായ ഓര്മ്മ്യ്ക്ക്‌ മുന്പി്ല്‍ ഞാന്‍ നമ്രശിരസ്കനാകുന്നു.

ഹാളിലെ വെളിച്ചം ഞാന്‍ നില്ക്കു ന്നിടത്ത് വരാന്‍ ഭയന്നത് ക്കൊണ്ടാണ് ഗ്രൂപ്പ്‌ ഫോട്ടോയില്‍ ഞാന്‍ ഇത്തിരി കറുത്ത് പോയത്‌.

ഒഴിഞ്ഞ ചായക്കപ്പുകളെ സാക്ഷിയാക്കി ഇനി പടിയിറങ്ങാം, എന്തൊക്കെയോ മറന്നു വച്ച ഓര്മ്മയില്‍.

ഒരു സംശയം, ജ്യോത്സ്ന വന്നില്ലേ? വന്നിട്ട് എന്താ മിണ്ടാതെ പോയത്‌? ഓ, അവര്ക്കൊ ക്കെ ഭയങ്കര തലക്കനമാണെന്നെ, നമ്മള് വിളിച്ചാലോന്നും വരില്ല. വന്നില്ലേല്‍ വേണ്ട, അല്ലേലും സാഹിത്യകൂട്ടായ്മകള്ക്കിടയില്‍ പാട്ടുകാര്ക്കെയന്ത കാര്യം, അല്ലെ !

ഭാഗ്യം, ബഹളങ്ങള്ക്കിടയില്‍ ജ്വാലാ ഭായ്‌ പരിപ്പുവടയുടെ കാര്യം മറന്നു.

കയറി വരുമ്പോള്‍ കിട്ടിയ ഹസ്തദാനങ്ങളെക്കാള്‍ ചൂടും ബലവും ഉണ്ടായിരുന്നു പടിയിറങ്ങുമ്പോള്‍ നീട്ടിയ കൈകള്‍ക്ക് ‌. അതങ്ങനെയാണ്, യാത്രപറയുംപോള്‍ നല്കുന്ന ഹസ്തദാനങ്ങള്ക്ക് പോകരുതേ എന്ന ധ്വനിയുണ്ടാകും, ചിലയിടങ്ങളില്‍.

മഹാരാജാവേ , താങ്കളുടെ സാമ്രാജ്യം വളരട്ടെ, ഇനിയുമിനിയും!

ചേച്ചിയെ ഡോക്ടറെ കാണിക്കാന്‍ ഗോപിയേട്ടന്‍ നേരത്തെ പോയി. ഞങ്ങളുടെ ഒരു രാത്രിയിലെ പ്രകടനം കണ്ട് , ആ യാത്ര തിരിച്ചു കുവൈത്തിലേക്കാകല്ലേ എന്ന് പ്രാര്‍ത്ഥന .

ഇനി കൊടിയ പരീക്ഷണം. ഒരു രാത്രി കൊണ്ട്‌ ഒരുപാട് അടുത്തവരോട് യാത്ര പറയണം. തിരുവനന്തപുരത്തുകാരന്‍ ഒരാള്‍ കൂടിയുണ്ട് വണ്ടിയില്‍. ബിജോയ്‌ എന്നാ ബിജു ഏട്ടന്‍ .

രാത്രി പന്ത്രണ്ടു മണിക്കാണ് അനിലേട്ടനും മറ്റും വണ്ടി കിട്ടുക. അതുവരെ അവര്‍ അവിടെ റൂം എടുക്കുകയാണ്. ചില ഗൂഡ ഉദ്ദേശങ്ങള്‍! ശ്രുതിലയം മുതലാളിക്ക് കോംഗോ മഹാരാജാവ് കൊടുത്ത സ്നേഹ സമ്മാനത്തിന് മുകളില്‍ ശിവേട്ടന്റെ പേരുണ്ടായിരുന്നു. ‘ഷിവാസ്’ എന്നോ മറ്റോ..! ഞാന്‍ കുഞ്ഞല്ലേ, എനിക്കറിയില്ല!

ഷബീര്‍ ഇക്കാ, രാത്രി പട്ടാമ്പി വരെ കാര്‍ ഓടിക്കണ്ടേ, സൂക്ഷിക്കണേ!

സത്യത്തില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതാണ്, ആ കൂട്ടായ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ ഇത്തിരി കൂടി അറിഞ്ഞ് രാത്രി ഷബീറിക്കായുടെ കൂടെ മടങ്ങിയാല്‍ മതി എന്ന്. പക്ഷെ, നാളെ ഹര്‍ത്താലാണ്. പട്ടാമ്പിയില്‍ കുടുങ്ങി പോകും. അവധി തരുന്നതില്‍ എന്നും അനുമോദിച്ചിട്ടുള്ള ഹര്‍ത്താലിന്‍റെ അച്ഛനേം അമ്മേനേം ഞാന്‍ ആദ്യമായി ചീത്ത പറഞ്ഞു.
എനിക്ക് പോയെ മതിയാകൂ!

ബസ്‌ സ്റ്റാന്‍ഡില്‍ എന്നെ ഇറക്കി ആ കറുത്ത കാറ് മുന്നോട്ടു നീങ്ങവേ, എന്നെ മാത്രം പ്രതീക്ഷിച്ച് ഒരു മണ്ണാര്‍ക്കാട്‌ ബസ്സ് കിടന്നിരുന്നു.......

അതെ, എല്ലാ സംഗമങ്ങളും അവസാനം ഇത്തിരി നൊമ്പരം ബാക്കി വയ്ക്കും . പങ്കിട്ടെടുക്കാന്‍ ബാക്കി വച്ച സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ , വാത്സല്യത്തിന്റെ .. സുഖമുള്ള നൊമ്പരങ്ങള്‍....!


ബാക്കിപത്രം: ഞാന്‍ വീട്ടിലെത്തിയത് അറിയിക്കാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഷബീര്‍ ഇക്കായ്ക്ക് മാത്രം ഇത്തിരി ബോധം ഉണ്ടായിരുന്നതിന്റെ കാരണം സത്യമായും എനിക്ക് അറിയില്ല.

ഊഞ്ഞാലാടാന്‍ വന്ന എല്ലാരും കൂടി കഴിച്ചു തീരത്ത ഭക്ഷണത്തിന്റെ കാശു കൊണ്ട് പേള്‍ റീജന്‍സി മുതലാളിമാര്‍ പുതിയ ത്രീ സ്റ്റാര്‍ പണിയു
ന്നു!

saju john  – (July 8, 2010 at 2:50 PM)  

ഒരു സ്നേഹകൂട്ടായ്മയുടെ മനോഹരമായ അവതരണം.

ഇതില്‍ പറഞ്ഞ ഗോപിച്ചേട്ടന്‍, അനില്‍, ശിവ എന്നിവരെ ചാറ്റിലൂടെ അറിയാം.

ശ്രുതിലയത്തിന്റെ വിജയത്തില്‍ ഞാനും കൂടെ കൂടുന്നു.

Anonymous –   – (July 8, 2010 at 2:55 PM)  

സന്തൂ ...വളരെ നന്നായിട്ടുണ്ട്..രസകരമായിട്ടുണ്ട് ... ഓരോ സംഭവങ്ങളും അതുപോലെ വിവരിച്ചു ..പക്ഷെ രാജേഷ്‌ ശിവയും ബാബറി മസ്ജിദും തമ്മില്‍ എന്ത് ബന്ധമെന്ന് എനിയ്ക്ക് ഇപ്പോള്‍ അറിയണം... . അനില്‍ജി ഉറങ്ങുന്നതിന്റെ കാരണം ഉറക്കം വന്നിട്ടല്ലെന്നു ആരുടെകൂടെയും പറയേണ്ട. ഞാന്‍ തികഞ്ഞ മാന്യനെന്നു മനസിലായതിനു നന്ദി.. .പഞ്ചപാവല്ലേ ഞാന്‍ ..പച്ചവെള്ളം തന്നാല്‍ ചവച്ചു കുടിയ്ക്കും . പിന്നെ ഗോപിയേട്ടന്റെ വീട്ടിലെ ഭക്ഷണത്തിന്റെ കാര്യം മിണ്ടിപ്പോകരുത്‌ .ശ്രുതിലയത്തില്‍ ആയിരത്തോളം അംഗങ്ങള്‍ ഉണ്ട് എന്നോര്‍ക്കണം .ഒരു സുപ്രഭാതത്തില്‍ എല്ലാരും കൂടി ഗോപിയേട്ടാ ഫുഡ്‌ റെഡിയല്ലേ എന്നുപറഞ്ഞു കയറി ചെന്നാല്‍ ..... അര്‍ജ്ജന്റീന തോറ്റതില്‍ ഉള്ള ദുഃഖം ഒഴിച്ചാല്‍ ആ സമയം നല്ല രസമായിരുന്നു . ബ്രസീല്‍ ഫാന്‍സുകാര്‍ ഷബീറിന്റെ വീടാക്രമിച്ച കാര്യമൊക്കെ അറിഞ്ഞു ഷബീര്‍ വിഷമിച്ചതും കഷ്ടായി . പിന്നെ ഞങ്ങള്‍ കടയാടിയിലെ മുഴുവന്‍ ആണുങ്ങളും നാടുവിട്ടത് ഇതുകൊണ്ടാണെന്ന് പറയുന്നവര്‍ പറയട്ടെ...അവര്‍ക്കറിയില്ലല്ലോ ഇത് വെറും അലീബി എന്ന് . നജീമയോട് കൂടുതല്‍ സംസാരിയ്ക്കാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്..മനസ്സ് സൌത്ത് ആഫ്രിക്കയില്‍ ആയിരുന്നു അത് നജീമയ്ക്ക് മനസിലായി എന്നും അറിയാം.

സന്തൂ നീ വീട്ടില്‍ എത്തിയ കാര്യം അറിഞ്ഞ സമയത്ത് ബോധാമുണ്ടായിരുന്നവരില്‍ ഒരാളെ വിട്ടു..എന്നെ.. ദിസ്‌ ഈസ്‌ ചീറ്റിംഗ് ..ദിസ്‌ ഈസ്‌ ചീറ്റിംഗ് ... സന്തു വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ പിന്നെ... .
പിന്നെ ലോകത്താകമാനമുള്ള ശിവഭക്തര്‍ നാളെ സുപ്രീംകോടതി വരെ പോയാലും വേണ്ടില്ല ഷിവാസും ശിവനും തന്നില്‍ എന്താ ബന്ധം എന്ന് തെളിയിച്ചിട്ടു തന്നെ കാര്യം ..ഹ..ഹ..
രാത്രി ഞാന്‍ അനില്ജിയോടു പറഞ്ഞു സന്തോഷ്‌ വീട്ടിലെത്തി എന്ന്..അന്നേരം അനില്‍ജി ചോദിയ്ക്കുവാ ..അവന്‍ വന്ന ഉടനെ പോയോ എന്ന് .ഞാന്‍ പറഞ്ഞു ഇല്ല കാപ്പിയൊക്കെ കുടിച്ചിട്ടാ പോയതെന്ന്. അപ്പോള്‍ ചോദിച്ചു കിഴക്കേക്കോട്ടയിലെ തട്ടുകടയില്‍ നിന്നും ദോശ വാങ്ങികൊടുതിട്ടു വിട്ടാല്‍ മതിയായിരുന്നല്ലോ എന്ന് . ഞാന്‍ പറഞ്ഞു 'ഹേ മനുഷ്യാ ഇത് തൃശൂരാണ് ' . അത് കേട്ട് അനില്‍ജി ദേഷ്യപ്പെട്ടു ചോദിച്ചു 'അതെന്താ തൃശൂരില്‍ കിഴക്കേക്കോട്ടയില്ലേ ....? അത് കേട്ട് ബോധം പോകും മുന്‍പ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു 'ഷിവാസ്' ഒഴിഞ്ഞിരിയ്ക്കുന്നു. പിന്നെ ബോധം പോയില്ല ....

ഷബീറിന്റെ സുഹൃത്തുക്കളോടോത്തു കൂടി സമയം ചിലവിടെണ്ടതായിരുന്നു സന്തോഷ്‌..സത്യം പറയാല്ലോ ചിരിച്ചു ചിരിച്ചു ...അയ്യോ..വയ്യാണ്ടായി .
ഷഫീക്കിന്റെ സംസാരവും നൃത്തവും ഒന്ന് കാണേണ്ടതായിരുന്നു .

mini//മിനി  – (July 9, 2010 at 12:13 AM)  

ശ്രുതിയും ലയവും പോസ്റ്റിൽ ഒന്നിച്ച് ചേർന്നിട്ടുണ്ട്.

ramla  – (July 9, 2010 at 12:27 AM)  

ഊഞ്ഞാലാടാന്‍ പോയതിനെപ്പറ്റിയുള്ള വിവരണം വായിച്ചു. സന്തോഷിന്‍റെ
ജാടയില്ലാത്ത ഭാഷ ഇഷ്ടപ്പെട്ടു.
വരണമെന്നുണ്ടായിരുന്നു, എനിക്കും.
പേജുകളില്‍ മാത്രം കണ്ടു വായിച്ച, വിസ്മയിപ്പിച്ച, സ്നേഹാദരങ്ങളോടെ മനസ്സിലേറ്റ് വാങ്ങിയ പ്രിയ
എഴുത്തുകാരെ
മാറിയിരുന്നിട്ടെങ്കിലും ഒന്ന് കാണണമെന്നും കേള്‍ക്കണമെന്നും ആഗ്രഹിച്ചിരുന്നു.
പക്ഷെ സന്തോഷ്‌ പറഞ്ഞതുപോലെ ഈ 'ഇടിവെട്ട് പേരു'കാരുടെ
കൂട്ടായ്മയിലേക്ക് ഒരു കഥയും കവിതയുമില്ലാത്ത ഇവളെങ്ങിനെ
കടന്നുവരും എന്നോര്‍ത്തപ്പോ, പിന്തിരിയാനാ തോന്നിയത്.......
എന്തായാലും നന്ദി സന്തോഷ്‌........ സംഗമ വിശേഷങ്ങള്‍ പങ്കിട്ടതിന്,
പലരെയും അറിഞ്ഞതിനും.........!!

Anonymous –   – (July 9, 2010 at 2:50 AM)  

very good.... eevivaram vaayichappol sharikkum oonjaalaadiya oru sukam thonnuunnuu

Rajesh Nair  – (July 9, 2010 at 5:58 AM)  

കലക്കി ............പക്ഷെ ചിലത് വിട്ടു ...അല്ല നീ വിട്ടത് തന്നെ ....... പലതും നമ്മളും അപ്പോള്‍ അപ്പോള്‍ അറിയുന്നുണ്ടായിരുന്നു ........ഒടുവില്‍ ശിവാസിന്റെ ബലത്തില്‍ ചിലര്‍ രാജാവ് ആയതും വാള് കൊണ്ട് പരിചയും പിന്നെ മൊത്തം വിലക്ക് വാങ്ങിയെ പോകു എന്ന് ശാട്യം പിടിച്ചരും ഉണ്ട് ഇതില്‍ .. ചില മസ്സില്‍ ഉള്ളവരും , പോക്കം കൂടിയവരും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,



ഇതിനിടയില്‍ ഷാജി ഏട്ടന്‍ കുവൈറ്റില്‍ നിന്ന് വിളിച്ചപ്പോഴും ഒരാള്‍ മാത്രം ഒരു ഞരക്കത്തോടെ പറഞ്ഞു ....

മതി ഇനി അടുത്തത് ഭക്ഷനതിലേക്ക് കടക്കാം ,..........................ഓര്‍മ്മകള്‍ മറക്കാന്‍ അവില്ലലോ



ഊഞ്ഞാല്‍ സംഗമതിനു പങ്കെടുക്കാത്തത് വളരെ നഷ്ട്ടം തന്നെ ആയിരുന്നു ... എല്ലാം കഴിഞ്ഞു റെന്നി ഭായ്യെ വിളിച്ചപ്പോഴും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു റെന്നി ഭായ് ക്ക് ...... തരിച്ചു വരാനേ തോനില്ല എന്നാ പറഞ്ഞത് ..........പിന്നീട് മറ്റുള്ള കാര്യങ്ങളും പറഞ്ഞു ...............അതിനിടയില്‍ സുജിത് ഭായ് ഓടിയതും ഹ ഹ എല്ലാം അറിഞ്ഞു ..അപ്പോഴും മനസ്സില്‍ ഒരു സങ്കടം ആയിരുന്നു ....ആരെയും കാണാന്‍ പറ്റിയില്ല്ലലോ എന്നാ വിഷമം (ഫുഡും ).........................നമുക്കും വരും ഒരുനാള്‍ എന്ന് മനസ്സിനെ സമാധനിപ്പിച്ചു ..............

ഷബീര്‍ പട്ടാമ്പി  – (July 9, 2010 at 6:20 AM)  

ഉഞ്ഞാല്‍ സംഗമവും, ഗോപിയേട്ടന്റെ വിരുന്നും, നമ്മുടെ കവി സദസും ,അനിലേട്ടനും രാജേഷ്‌ ശിവയും കുടി തലകുത്തി മറിഞ്ഞതും അതിലെല്ലാം ഉപരി ഈ സംഭവങ്ങളെ കുറിച്ചുള്ള നിന്‍റെ മനോഹരമായ വിവരണവും എല്ലാം കേമം...

സന്തോഷേ വിവരണങ്ങളില്‍ നീ ഒന്ന് വിട്ടു ആരും കാണില്ല എന്നാ വിജാരത്തോടെ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്ന പോലെ നീ കാണിച്ചു കുട്ടിയ ചില പരാക്രമങ്ങള്‍ അതൊക്കെ നീ മനപൂര്‍വം വിട്ടു കളഞ്ഞു അല്ലേ സാരമില്ല അതൊന്നും വിട്ടു പോകാതെ ഒരു കുറിപ്പ് എഴുതാം എന്ന് രാജേഷ്‌ ഏട്ടന്‍ (രാജേഷ്‌ ശിവ) വാക്ക് തന്നിട്ടുണ്ട് ...

അതൊന്നുമല്ല എന്‍റെ വിഷയം. സന്തോഷെ നിന്നോട് ഒരു സംശയം ചോദിക്കട്ടെ.. എന്താ ഈ "ഷിവാസ്" ..?

വല്ല പെണ്‍കുട്ടികളുടെ പേരും ആണോ അവള്‍ എപ്പോഴാ അവിടെ വന്നത് ..? സത്യമായിട്ടും ഞാന്‍ കണ്ടില്ലല്ലോ ..? (അവിടെ സ്വബോധത്തോടെ ഉള്ള ഒരേ ഒരു വെക്തി ഞാന്‍ മാത്രം ആയിരുന്നു എന്നിട്ടും എനിക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ)

JAMES BRIGHT  – (July 9, 2010 at 6:31 AM)  

ഈ സ്നേഹകൂട്ടായ്മയില്‍ പങ്കെടുത്തതുപോലെ തോന്നി വിവരണം വായിച്ചപ്പോള്‍. നിഷ്കളങ്കതയോടെ എഴുതിയിരിക്കുന്നു.
പ്രത്യേകമായ അഭിനന്ദനങ്ങള്‍.
ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകട്ടെ.

സ്നേഹപൂര്‍വ്വം

ജെയിംസ് ബ്രൈറ്റ്

Reghu nath  – (July 9, 2010 at 9:11 AM)  

എനിക്ക് നന്നേ പിടിച്ചു നേരിട്ട് കണ്ടനുഭവിക്കാന്‍ കഴിയുന്ന ശൈലി "കയറി വരുമ്പോള്‍ കിട്ടിയ ഹസ്തദാനങ്ങളെക്കാള്‍ ചൂടും ബലവും ഉണ്ടായിരുന്നു പടിയിറങ്ങുമ്പോള്‍ നീട്ടിയ കൈകള്‍ക്ക് ‌. അതങ്ങനെയാണ്, യാത്രപറയുംപോള്‍ നല്കുന്ന ഹസ്തദാനങ്ങള്ക്ക് പോകരുതേ എന്ന ധ്വനിയുണ്ടാകും, ചിലയിടങ്ങളില്‍." ..ഈ വരി ഞാനെടുക്കുന്നു ... ചിലയിടത്ത് വിളമ്പണം എനിക്കിത്

"ശ്രുതിലയം"  – (July 9, 2010 at 2:52 PM)  

വായിച്ചു വിലയേറിയ അഭിപ്രായം അറിയിയ്ക്കുന്ന എല്ലാര്‍ക്കും വളരെ നന്ദി....

മലബാറി  – (July 10, 2010 at 12:21 AM)  

അപ്പൊ അങ്ങനാണല്ലേ? ഹും

reena  – (July 10, 2010 at 2:25 AM)  

hahaha...ithu serikkum njangal koodi pankedutha paripadiye pole ayi.. nalla avatharanam ketto

Santhosh S Nair  – (July 10, 2010 at 5:11 AM)  

വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി...

Manu Nellaya / മനു നെല്ലായ.  – (July 11, 2010 at 3:07 AM)  

ക്ഷണമുണ്ടായിരുന്നു...
ചില കാരണങ്ങളാല്‍ വരാന്‍ കഴിഞ്ഞില്ല..
ചില ഒത്തുകൂടലുകള്‍ ജീവിത യാതനകള്‍ക്ക് ഒരു ഔഷധം കൂടിയാണു..
എന്നും കെടാതെ...
ഹൃദയത്തിന്റെ.....
ഒരു കോണില്‍...
അങ്ങനെ അങ്ങനെ....

ശ്രുതിലയം കൂട്ടായ്മ പോലെ... ''വല്ലപ്പുഴ'' യാത്ര പോലെ... നിളയുടെ മാറില്‍ നാം സഹയാത്രികര്‍ ചിന്തകള്‍ പങ്കിട്ട പോലെ...

ഈ ഒത്തുകൂടലുകള്‍, ''ഊഞ്ഞാലാടാന്‍ പോയപ്പോള്‍...'' എന്ന ലേഖനത്തിലൂടെ ഓര്‍മിപ്പിച്ചതിനു സന്തോഷ്‌, ഭീമനാട്, നിനക്ക്
നന്ദി...





ഹൃദയപൂര്‍വ്വം...




മനു നെല്ലായ.

ആശിഷ് മുംബായ്  – (July 11, 2010 at 4:37 AM)  

സന്തു മോനെ കലക്കി ..മനോഹരം ഈ ശൈലി ...
നിങ്ങളുടെ കൂടെ ഞാനും ഉള്ളപോലെ തോന്നി അത്രക്കും ജീവസുറ്റതാരുന്നു നിന്റെ എഴുത്ത്
എല്ലാം നേരിട്ട് കണ്ടപോലെ തോന്നുന്നു അത്രക്കും മികച്ച അവതരണം ......

പിന്നെ 'ഷിവാസിന്റെ' ക്കാര്യം ഒക്കെ നമ്മള്‍ അറിഞ്ഞു
ബോധം എങ്ങനാ വീണ്ടെടുത്തത് ഇന്നു പട്ടാമ്പിയോടു ചോദിച്ചാല്‍ മതി

ഗോപി വെട്ടിക്കാട്ട്  – (July 12, 2010 at 7:02 AM)  

മനോഹരമായ അവതരണം ...
നല്ല ശൈലി... ആശംസകള്‍

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 5:10 AM)  

ഈ ഊഞ്ഞാലാട്ടം നേരില്‍ കണ്ട പ്രതീതി ഉണ്ടാക്കി
ഈ വിവരണത്തിലുടെ കടന്നു പോയപ്പോള്‍ .....
സന്തു .....മനോഹരം തന്നെ .....
ആശംസകളോടെ

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP